കോഴിക്കോട്: ചാലിയാർ പുഴയിൽ മീൻപിടിക്കുന്നതിനിടെ തോണി മറിഞ്ഞ് യുവാവിനെ കാണാതായി. മാവൂർ കുതിരാടം സ്വദേശി ബാസിൽ (23) ആണ് കാണാതായത്. ബാസിലിനൊപ്പം തോണിയിലുണ്ടായിരുന്ന മറ്റ് രണ്ട് പേർ നീന്തി രക്ഷപ്പെട്ടു. ബുധനാഴ്ച പുലർച്ചെ ചാലിയാറിലെ മണന്തല കടവിന് സമീപമായിരുന്നു അപകടം. മൂന്ന് പേരും ചേർന്ന് പുഴയിൽ മീൻപിടിക്കുന്നതിനിടെയാണ് ചെറിയ തോണി പെട്ടെന്ന് മറിഞ്ഞത്.
രക്ഷപ്പെട്ടവർ വിവരം അറിയിച്ചതിനെ തുടർന്ന് നാട്ടുകാരും പൊലീസും സ്ഥലത്തെത്തി. അഗ്നിരക്ഷാസേനയുടെ നേതൃത്വത്തിൽ നാട്ടുകാരുടെ സഹായത്തോടെ ബാസിലിനായി തിരച്ചിൽ തുടരുകയാണ്. പുലർച്ചെയായതിനാൽ വെളിച്ചക്കുറവ് തിരച്ചിലിന് ആദ്യം തടസ്സമായി. പിന്നീട് കൂടുതൽ സൗകര്യങ്ങളോടെ തിരച്ചിൽ ശക്തമാക്കി.




