ബംഗളൂരു: ബലാത്സംഗക്കേസിൽ ജീവപര്യന്തം തടവുശിക്ഷ അനുഭവിക്കുന്ന മുൻ എംപി പ്രജ്വൽ രേവണ്ണയ്ക്ക് വീണ്ടും തിരിച്ചടി. പരപ്പന അഗ്രഹാര സെൻട്രൽ ജയിലിൽ നടത്തിയ മിന്നൽ പരിശോധനയിൽ രേവണ്ണയുടെ പക്കൽ നിന്ന് മൊബൈൽ ഫോണും ചാർജറും പിടികൂടി. കർണാടക ക്രൈം ബ്രാഞ്ച് നടത്തിയ പരിശോധനയിലാണ് ഇവ കണ്ടെത്തിയത്.
സംഭവത്തിൽ പരപ്പന അഗ്രഹാര പൊലീസ് പ്രജ്വൽ രേവണ്ണയ്ക്കെതിരെ പുതിയ കേസ് രജിസ്റ്റർ ചെയ്തു. കേസിൽ രേവണ്ണയെ ഒന്നാം പ്രതിയായും സഹതടവുകാരനെ രണ്ടാം പ്രതിയായുമാണ് ഉൾപ്പെടുത്തിയിരിക്കുന്നത്. ജയിലിനുള്ളിൽ മൊബൈൽ ഫോൺ ഉൾപ്പെടെയുള്ള സൗകര്യങ്ങൾ എത്തിച്ചുനൽകിയതിൽ ജയിൽ ഉദ്യോഗസ്ഥരുടെ പങ്കുണ്ടോയെന്നും അന്വേഷിക്കുന്നുണ്ട്.
പരപ്പന അഗ്രഹാര ജയിലിൽ പ്രജ്വൽ രേവണ്ണയ്ക്ക് പ്രത്യേക പരിഗണന ലഭിക്കുന്നുവെന്ന ആരോപണങ്ങൾ നേരത്തെ ഉയർന്നിരുന്നു. ഇതിന് പിന്നാലെയാണ് ജയിലിലെ മുറിയിൽ നിന്ന് മൊബൈൽ ഫോണും ചാർജറും കണ്ടെത്തിയത്.
സംഭവത്തിൽ പൊലീസും ജയിൽ വകുപ്പും അന്വേഷണം ശക്തമാക്കി. ജയിലിനുള്ളിലേക്ക് ഫോൺ എത്തിച്ചതും രേവണ്ണ ഫോൺ ഉപയോഗിച്ചതുമായി ബന്ധപ്പെട്ട വിശദാംശങ്ങൾ അന്വേഷണ സംഘം പരിശോധിച്ചുവരികയാണ്.




