ടെഹ്റാൻ: യു.എസ്. പ്രസിഡന്റ് ഡൊണാൾഡ് ട്രംപിന്റെ ഭരണകാലാവധി അവസാനിക്കുന്നതുവരെ യുദ്ധം മനഃപൂർവം നീട്ടിക്കൊണ്ടുപോകാൻ ഇറാന് കഴിയുമെന്ന് ഇസ്ലാമിക് റെവല്യൂഷണറി ഗാർഡ് കോർ (ഐ.ആർ.ജി.സി.) വ്യക്തമാക്കി. സംഘർഷം ദീർഘിപ്പിച്ച് എതിരാളിയെ തളർത്തുന്നതിലൂടെ ഭാവിയിലെ ആക്രമണങ്ങൾ തടയാനാകുമെന്നാണ് ഐ.ആർ.ജി.സി. കമാൻഡർ ഇൻ ചീഫിന്റെ മുതിർന്ന ഉപദേഷ്ടാവ് മുഹമ്മദ് റസാ നഖ്ദിയുടെ പ്രതികരണം.
അടുത്ത യു.എസ്. പ്രസിഡന്റ് കാലാവധി ആരംഭിക്കുന്നതുവരെ യുദ്ധം നീട്ടുകയും അമേരിക്കയ്ക്ക് കനത്ത നഷ്ടമുണ്ടാക്കുകയും ചെയ്യുക എന്നത് ഇറാന്റെ മുന്നിലുള്ള സാധ്യതകളിലൊന്നാണെന്ന് നഖ്ദി പറഞ്ഞു. ഇറാനെ ആക്രമിക്കാൻ ശ്രമിക്കുന്ന ഏതൊരു രാജ്യത്തിനും വലിയ വില നൽകേണ്ടിവരുമെന്ന സന്ദേശം ഇതിലൂടെ നൽകാനാകുമെന്നും അദ്ദേഹം വ്യക്തമാക്കി. നിലവിലെ പോരാട്ടത്തിൽ ഇറാനാണ് മുന്നിലെന്നും എന്നാൽ അന്തിമലക്ഷ്യം കൈവരിക്കാൻ ഇനിയും കഴിഞ്ഞിട്ടില്ലെന്നും നഖ്ദി കൂട്ടിച്ചേർത്തു.
ഭാവിയിൽ ഇറാനെ ആക്രമിക്കാൻ ശത്രുക്കൾ ഭയപ്പെടുന്ന തരത്തിലുള്ള പ്രതിരോധശേഷി സൃഷ്ടിക്കുകയാണ് യുദ്ധം ദീർഘിപ്പിക്കുന്നതിന്റെ ലക്ഷ്യമെന്നും അദ്ദേഹം പറഞ്ഞു. നിലവിലെ സംഘർഷത്തിൽനിന്ന് ഇറാൻ നിരവധി കാര്യങ്ങൾ പഠിച്ചെന്നും പ്രതീക്ഷിച്ചതിനേക്കാൾ ദുർബലമാണ് യു.എസ്. സൈന്യമെന്ന് മനസ്സിലാക്കാൻ കഴിഞ്ഞെന്നും നഖ്ദി അവകാശപ്പെട്ടു.
ഇറാൻ മിസൈൽ ഉത്പാദനം വർധിപ്പിച്ചുകൊണ്ടിരിക്കുകയാണെന്നും യുദ്ധം വർഷങ്ങളോളം നീണ്ടാലും റോക്കറ്റ് ആക്രമണങ്ങൾ തുടരാൻ കഴിയുമെന്നും അദ്ദേഹം പറഞ്ഞു. മിസൈൽ ശേഖരം തീർന്നാലും അമേരിക്കയ്ക്ക് കൂടുതൽ ഭീഷണി ഉയർത്താൻ ഇറാന് കഴിയുമെന്ന് നഖ്ദി മുന്നറിയിപ്പ് നൽകി.
ലോകമെമ്പാടും അമേരിക്കയ്ക്ക് ആയിരക്കണക്കിന് സാമ്പത്തിക താത്പര്യങ്ങളും നിക്ഷേപങ്ങളുമുണ്ടെന്നും അവയെ എളുപ്പത്തിൽ തകർക്കാൻ കഴിയുമെന്നും അദ്ദേഹം അവകാശപ്പെട്ടു. എന്നാൽ ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ നഖ്ദി തയ്യാറായില്ല.











