പത്തനംതിട്ട: ശബരിമല നെയ്യ് ക്രമക്കേടിൽ ദേവസ്വം വിജിലൻസ് അന്തിമ അന്വേഷണ റിപ്പോർട്ട് സമർപ്പിച്ചു. ദേവസ്വം വിജിലൻസ് എസ്.പി. എം. ജെ. സോജന്റെ നേതൃത്വത്തിൽ നടത്തിയ അന്വേഷണത്തിന്റെ റിപ്പോർട്ട് തിരുവിതാംകൂർ ദേവസ്വം ബോർഡിന് കൈമാറി. കേസിൽ കൂടുതൽ വിശദമായ അന്വേഷണം വേണമെന്നാണ് റിപ്പോർട്ടിലെ പ്രധാന നിർദേശം.
മിൽമയിൽ നിന്ന് വാങ്ങിയ നെയ്യ് ശബരിമലയിൽ എത്തിക്കുന്നതിന് മുമ്പ് മാറ്റിയതായാണ് വിജിലൻസിന്റെ കണ്ടെത്തൽ. ഓർഡർ ചെയ്ത മുഴുവൻ നെയ്യും ലഭിച്ചിട്ടില്ലെന്നും റിപ്പോർട്ടിൽ പറയുന്നു. പത്തനംതിട്ട ഡയറിയിൽ നിന്ന് സന്നിധാനത്തേക്ക് കൊണ്ടുപോകുന്നതിനിടെയാണ് നെയ്യ് മാറ്റിയതെന്നാണ് വിവരം.
പമ്പയിൽ നെയ്യ് എത്തിച്ചപ്പോൾ ആവശ്യമായ പരിശോധനകൾ നടത്താതെയാണ് സന്നിധാനത്തേക്ക് അയച്ചതെന്നും വിജിലൻസ് കണ്ടെത്തിയിട്ടുണ്ട്. നെയ്യ് വിതരണം ചെയ്യുന്നതിനുള്ള കരാറുകാരൻ കുറഞ്ഞ തുക ക്വോട്ട് ചെയ്തതും സംശയാസ്പദമാണെന്നാണ് വിലയിരുത്തൽ. സംഭവത്തിൽ പ്രത്യേക അന്വേഷണസംഘം വിശദമായ പരിശോധന നടത്തും. ദേവസ്വം ബോർഡ് ഉദ്യോഗസ്ഥരുടെ പങ്കും അന്വേഷണവിധേയമാക്കും.
ക്രമക്കേടിൽ മുൻ ദേവസ്വം ബോർഡ് പ്രസിഡന്റ് പി. എസ്. പ്രശാന്ത്, മുൻ ബോർഡ് അംഗം എ. അജികുമാർ, മുരാരി ബാബു എന്നിവരാണ് പ്രതികൾ. ഇവരെ ഇതുവരെ ചോദ്യം ചെയ്തിട്ടില്ല. ക്രമക്കേടിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.
അതേസമയം, മിൽമയ്ക്ക് നെയ്യ് വിതരണം ചെയ്യാനുള്ള കരാർ ലഭിക്കുന്നതിന് പി. എസ്. പ്രശാന്തിന്റെ നേതൃത്വത്തിൽ വഴിവിട്ട ഇടപെടലുകൾ നടന്നുവെന്നാണ് പ്രത്യേക അന്വേഷണസംഘത്തിന്റെ പ്രാഥമിക വിലയിരുത്തൽ. 2025ലെ മകരവിളക്ക് കാലയളവിൽ പുറത്ത് നിന്ന് നെയ്യ് വാങ്ങാനുള്ള തീരുമാനം 2024ലാണ് ദേവസ്വം ബോർഡ് സ്വീകരിച്ചത്.
ഇതിനായി നടത്തിയ ടെൻഡറിൽ ആറ് സ്ഥാപനങ്ങൾ പങ്കെടുത്തിരുന്നു. നടപടികൾ പുരോഗമിക്കുന്നതിനിടെ ടെൻഡർ റദ്ദാക്കി കരാർ മിൽമയ്ക്ക് നൽകുകയായിരുന്നു. സാധാരണ നെയ്യ് ഉപയോഗിച്ച് ഒരു കൂട്ടം അരവണ തയ്യാറാക്കാൻ പത്ത് ലിറ്റർ നെയ്യ് ആവശ്യമായി വരുമ്പോൾ മിൽമ നെയ്യ് ഉപയോഗിക്കുമ്പോൾ ഏഴ് മുതൽ ഏഴര ലിറ്റർ വരെ മതിയാകുമെന്നായിരുന്നു മിൽമയ്ക്ക് മുൻഗണന നൽകാനുള്ള ശുപാർശ.
അന്നത്തെ അഡ്മിനിസ്ട്രേറ്റീവ് ഓഫീസർ മുരാരി ബാബുവാണ് ഇതുസംബന്ധിച്ച് ശുപാർശ നൽകിയത്. ദേവസ്വം കമ്മീഷണർ ഇതിനെ എതിർത്തിരുന്നെങ്കിലും അദ്ദേഹത്തിന്റെ നിലപാട് മറികടന്ന് മിൽമയ്ക്ക് കരാർ നൽകാൻ പി. എസ്. പ്രശാന്തും ബോർഡ് അംഗം എ. അജികുമാറും തീരുമാനിച്ചതായാണ് അന്വേഷണത്തിലെ കണ്ടെത്തൽ.
ടെൻഡറിൽ പങ്കെടുത്ത തമിഴ്നാട്ടിലെ ഒരു സ്ഥാപനം ഒരു ലിറ്റർ നെയ്യിന് 369 രൂപ ക്വോട്ട് ചെയ്തപ്പോൾ മിൽമയിൽ നിന്ന് നെയ്യ് വാങ്ങാൻ ലിറ്ററിന് 510 രൂപയാണ് ചെലവായത്. ഇത്തരത്തിൽ 1.65 ലക്ഷം ലിറ്റർ നെയ്യ് മിൽമയിൽ നിന്ന് വാങ്ങിയതിലൂടെ ദേവസ്വം ബോർഡിന് 2.27 കോടി രൂപയുടെ നഷ്ടമുണ്ടായെന്നാണ് ദേവസ്വം വിജിലൻസിന്റെ കണ്ടെത്തൽ.


