കവരത്തി: ലക്ഷദ്വീപിൽ പട്രോളിങ്ങിനിടെ പൊലീസ് ബോട്ട് മറിഞ്ഞ് രണ്ട് പൊലീസുകാരെ കാണാതായി. സുഹലി ദ്വീപിലെ പൊലീസ് ഔട്ട്പോസ്റ്റിൽ ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരാണ് അപകടത്തിൽപ്പെട്ടത്.
മൂന്ന് പൊലീസുകാരാണ് അപകടത്തിൽപ്പെട്ടത്. ഇതിൽ അമിനി ദ്വീപ് സ്വദേശിയായ ഉമ്മർ ഫാറൂഖ് നീന്തി രക്ഷപ്പെട്ടു. രക്ഷപ്പെട്ട ഉദ്യോഗസ്ഥനെ കവരത്തിയിലെത്തിച്ച് ചികിത്സ നൽകി വരികയാണ്.
കവരത്തി സ്വദേശിയായ നബീലിനെയും ആന്ത്രോത്ത് ദ്വീപ് സ്വദേശിയായ ഹിദായത്തിനെയുമാണ് കാണാതായത്. ഇരുവർക്കുമായി കടലിൽ തെരച്ചിൽ തുടരുകയാണ്.
ലക്ഷദ്വീപ് അഡ്മിനിസ്ട്രേഷന്റെ ഹെലികോപ്റ്റർ ഉപയോഗിച്ചാണ് നിലവിൽ തെരച്ചിൽ നടത്തുന്നത്. അപകടത്തിന്റെ കൂടുതൽ വിവരങ്ങൾ അധികൃതർ പുറത്തുവിട്ടിട്ടില്ല.




