പാലക്കാട്: കാഞ്ഞിരപ്പുഴ അണക്കെട്ടിന്റെ വൃഷ്ടിപ്രദേശത്തെ വെള്ളത്തിലൂടെ ജീപ്പിൽ അപകടകരമായ രീതിയിൽ അഭ്യാസപ്രകടനം നടത്തിയ സംഭവത്തിൽ അഞ്ചുപേരെ മണ്ണാർക്കാട് പൊലീസ് അറസ്റ്റ് ചെയ്തു. കാഞ്ഞിരപ്പുഴ സ്വദേശികളായ അനസ് (26), മിഥുൻ കൃഷ്ണ (26), നിഖിൽ (26), മുഹമ്മദ് ജംഷാദ് (26), വി.എൻ. പ്രവീൺ (26) എന്നിവരെയാണ് വ്യാഴാഴ്ച രാത്രി അറസ്റ്റ് ചെയ്തത്. സംഭവത്തിൽ ഒരാളെക്കൂടി പിടികൂടാനുണ്ടെന്ന് പൊലീസ് അറിയിച്ചു.
ജലസേചന വകുപ്പ് അധികൃതരുടെ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി. അനസിന്റെ ഉടമസ്ഥതയിലുള്ളതാണ് അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച ജീപ്പെന്നും വാഹനമോടിച്ചത് അനസാണെന്നും പൊലീസ് വ്യക്തമാക്കി. വാഹനം കസ്റ്റഡിയിലെടുത്തിട്ടുണ്ട്.
അണക്കെട്ടിന്റെ നിരോധിത മേഖലയിൽ അതിക്രമിച്ച് കയറിയെന്നും കുടിവെള്ള സ്രോതസ്സുകൂടിയായ അണക്കെട്ടിലെ ജലം മലിനപ്പെടുത്തിയെന്നും ചൂണ്ടിക്കാട്ടിയാണ് ജലസേചന വകുപ്പ് അധികൃതർ വ്യാഴാഴ്ച രാവിലെ പൊലീസിൽ പരാതി നൽകിയത്. ഇതിന്റെ അടിസ്ഥാനത്തിൽ നിരോധിത മേഖലയിലേക്ക് അതിക്രമിച്ച് കയറൽ, അപകടകരമായ രീതിയിൽ വാഹനമോടിക്കൽ തുടങ്ങിയ വകുപ്പുകൾ ചുമത്തിയാണ് കേസ് രജിസ്റ്റർ ചെയ്തത്.
തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് അഭ്യാസപ്രകടനത്തിന് ഉപയോഗിച്ച ജീപ്പ് ഇരുമ്പകച്ചോല ഭാഗത്തുനിന്ന് പൊലീസ് കസ്റ്റഡിയിലെടുത്തത്. വാഹനത്തിൽ കണ്ടാലറിയാവുന്ന ആറുപേരുണ്ടായിരുന്നുവെന്നും ഇവർ പ്രദേശവാസികളായ യുവാക്കളാണെന്ന സൂചന ലഭിച്ചിട്ടുണ്ടെന്നും മണ്ണാർക്കാട് സി.ഐ എസ്. അഷ്റഫ് പറഞ്ഞു. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.











