ന്യൂഡൽഹി: അന്താരാഷ്ട്ര മയക്കുമരുന്ന് സംഘത്തിലെ പ്രധാനിയായ വീരേന്ദർ സിങ് ബൈസോയയെ ദുബായിൽ നിന്ന് ഇന്ത്യയിലെത്തിച്ചു. പുണെയിൽ 6000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രധാന കണ്ണിയായ ഇയാൾക്കെതിരെ നേരത്തെ നർക്കോട്ടിക്‌സ് കൺട്രോൾ ബ്യൂറോ റെഡ് കോർണർ നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ദുബായിൽ അറസ്റ്റിലായ ബൈസോയയെ കേന്ദ്രസർക്കാരിന്റെ ഇടപെടലിലൂടെയാണ് ഇന്ത്യയിലെത്തിച്ചത്.
ദുബായിൽ നിന്ന് ഡൽഹിയിലേക്കുള്ള എയർ ഇന്ത്യയുടെ എഐ 4310 വിമാനത്തിലാണ് ബൈസോയയെ എത്തിച്ചതെന്ന് അധികൃതർ അറിയിച്ചു. മയക്കുമരുന്ന് കടത്ത് ശൃംഖലയുമായി ബന്ധപ്പെട്ട് വിദേശത്ത് ഒളിവിൽ കഴിയുകയായിരുന്ന ഇയാളെ പിടികൂടി ഇന്ത്യയിലെത്തിച്ചത് അന്വേഷണ ഏജൻസികൾക്ക് നിർണായക നേട്ടമായാണ് വിലയിരുത്തുന്നത്.
ഡൽഹി പൊലീസ് 13,000 കോടി രൂപയുടെ മയക്കുമരുന്ന് പിടികൂടിയ കേസിലെ പ്രധാന പ്രതിയായ സന്ദീപ് ധുനിയയുടെ അടുത്തയാളാണ് വീരേന്ദർ ബൈസോയ. സന്ദീപ് ധുനിയയും ദുബായിലായിരുന്നു ഉണ്ടായിരുന്നത്. ഇയാൾ നിലവിൽ പാകിസ്താനിലേക്ക് കടന്നതായാണ് റിപ്പോർട്ടുകൾ.
വിദേശ രാജ്യങ്ങളിൽ കഴിയുന്ന മയക്കുമരുന്ന് ഇടപാടുകാരെ കണ്ടെത്തി അവരുടെ ശൃംഖല തകർക്കുന്നതിൽ സർക്കാർ ശക്തമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. ബൈസോയയെ ഇന്ത്യയിലെത്തിച്ച വിവരം പങ്കുവെച്ച് എക്‌സിൽ നടത്തിയ പ്രതികരണത്തിലായിരുന്നു അമിത് ഷായുടെ പരാമർശം.
മയക്കുമരുന്നിനെതിരായ സന്ധിയില്ലാത്ത പോരാട്ടത്തിൽ പുതിയ നാഴികക്കല്ലാണ് ബൈസോയയെ യുഎഇയിൽ നിന്ന് ഇന്ത്യയിലെത്തിച്ചതെന്ന് അമിത് ഷാ പറഞ്ഞു. കുറ്റവാളികൾ എവിടെ ഒളിച്ചാലും ഇന്ത്യൻ നിയമത്തിന്റെ പിടിയിൽ നിന്ന് രക്ഷപ്പെടാനാകില്ലെന്ന് അന്വേഷണ ഏജൻസികൾ വീണ്ടും തെളിയിച്ചിരിക്കുകയാണെന്നും അദ്ദേഹം വ്യക്തമാക്കി.











