കൊച്ചി: മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ ക്രമക്കേടിൽ വിജിലൻസ് അന്വേഷണം ഉടൻ ആരംഭിക്കും. ഇതിന്റെ ഭാഗമായി വിജിലൻസ് സംഘം കഴിഞ്ഞദിവസം പ്രാഥമിക യോഗം ചേർന്നു. തിങ്കളാഴ്ച വിജിലൻസ് ഉദ്യോഗസ്ഥർ സർക്കാർ എൻജിനീയർമാർക്കൊപ്പം മുണ്ടംവേലി ഫ്ളാറ്റിലെത്തി പരിശോധന നടത്തും.
ഈ പരിശോധനയ്ക്ക് ശേഷമായിരിക്കും പ്രാഥമിക അന്വേഷണം ആരംഭിക്കുക. ഫ്ളാറ്റിന്റെ കരാറുകാരായ ടിഡിഎൽസി, ജിസിഡിഎ എന്നിവരിൽനിന്ന് ആവശ്യമായ രേഖകളും വിജിലൻസ് സംഘം ശേഖരിക്കും.
മുണ്ടംവേലി ഫ്ളാറ്റ് നിർമാണത്തിലെ അപാകതകളിൽ നേരത്തെ തന്നെ സർക്കാർ വിജിലൻസ് അന്വേഷണം പ്രഖ്യാപിച്ചിരുന്നു. കൊച്ചി വിജിലൻസ് യൂണിറ്റിനാണ് അന്വേഷണ ചുമതല. അതേസമയം, പട്ടയം നൽകി പുനരധിവസിപ്പിക്കണമെന്ന ആവശ്യവുമായി മുണ്ടംവേലി ഫ്ളാറ്റിലെ താമസക്കാർ മുഖ്യമന്ത്രിയെ കാണും.




