ബ്യൂണസ് അയേഴ്സ്: രാജ്യാന്തര സൗഹൃദ മത്സരത്തിൽ ബുർക്കിന ഫാസോയ്ക്കെതിരെ അർജന്റീനയ്ക്ക് തകർപ്പൻ ജയം. സ്വന്തം തട്ടകമായ എസ്റ്റാഡിയോ മോണുമെന്റലിൽ നടന്ന മത്സരത്തിൽ എതിരില്ലാത്ത ഏഴ് ഗോളുകൾക്കാണ് ലയണൽ സ്കലോണിയുടെ സംഘം വിജയം നേടിയത്. ആദ്യ പകുതിയിൽ അഞ്ച് ഗോളുകൾ നേടിയ അർജന്റീന രണ്ടാം പകുതിയിൽ രണ്ട് ഗോളുകൾ കൂടി ചേർത്താണ് വമ്പൻ ജയം പൂർത്തിയാക്കിയത്. കഴിഞ്ഞ മത്സരത്തിൽ ബൊളീവിയയെ 4-0ന് തോൽപ്പിച്ച അർജന്റീന, ഈ രാജ്യാന്തര മത്സര ജാലകത്തിലെ രണ്ട് മത്സരങ്ങളിൽ നിന്നായി 11 ഗോളുകളാണ് നേടിയത്.
നാലാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിലൂടെ അർജന്റീന ഗോൾവേട്ടയ്ക്ക് തുടക്കമിട്ടു. മാർട്ടിനസിന്റെ പെനൽറ്റി ബുർക്കിന ഫാസോ ഗോൾകീപ്പർ റസാക്ക് ഗിറ തടഞ്ഞെങ്കിലും റീബൗണ്ടിൽ പന്ത് വലയിലെത്തിച്ച് താരം ടീമിന് ലീഡ് നൽകി. എട്ടാം മിനിറ്റിൽ ബുർക്കിന ഫാസോ താരം മൗമൂണി ഡിയാലോയുടെ ബോക്സിനുള്ളിലെ ക്ലിയറൻസ് സെൽഫ് ഗോളായതോടെ അർജന്റീനയുടെ ലീഡ് രണ്ടായി.
12-ാം മിനിറ്റിൽ ജിയാൻലൂക്ക പ്രെസ്റ്റിയാനി അർജന്റീനയ്ക്കായി തന്റെ ആദ്യ ഗോൾ നേടി. 35-ാം മിനിറ്റിൽ നിക്കോ പാസും തൊട്ടടുത്ത മിനിറ്റിൽ പ്രെസ്റ്റിയാനിയുടെ അസിസ്റ്റിൽ ജൂലിയൻ അൽവാരസും ഗോൾ നേടിയതോടെ ആദ്യ പകുതിയിൽ തന്നെ അർജന്റീന 5-0ന്റെ വമ്പൻ ലീഡ് സ്വന്തമാക്കി.
രണ്ടാം പകുതിയിലും അർജന്റീനയുടെ ആധിപത്യം തുടർന്നു. 57-ാം മിനിറ്റിൽ ലൗതാരോ മാർട്ടിനസിന്റെ അസിസ്റ്റിൽ പകരക്കാരനായി എത്തിയ ഫ്രാങ്കോ മാസ്റ്റാന്റുവോനോ ടീമിന്റെ ആറാം ഗോൾ നേടി.
തുടർന്ന് എക്സെക്വിയൽ പലാസിയോസ്, സാന്റിയാഗോ കാസ്ട്രോ, വാലന്റീൻ ബാർകോ, ജൂലിയാനോ സിമിയോണി, നിക്കോ ഗോൺസാലസ് എന്നിവർ അർജന്റീനയ്ക്കായി പകരക്കാരായി കളത്തിലെത്തി. ഇഞ്ചുറി ടൈമിന്റെ മൂന്നാം മിനിറ്റിൽ വാലന്റീൻ ബാർകോ നൽകിയ ക്ലോസ് റേഞ്ച് ക്രോസിൽ നിന്ന് ഹെഡറിലൂടെ ജൂലിയാനോ സിമിയോണി അർജന്റീനയുടെ ഏഴാം ഗോൾ നേടി പട്ടിക പൂർത്തിയാക്കി.




