Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

താലിബാൻ അധികാരത്തിലെത്തിയിട്ട് അഞ്ച് വർഷം; ആഘോഷങ്ങൾക്കിടയിലും പ്രതിസന്ധിയിൽ അഫ്ഗാനിസ്താൻ

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

കാബൂൾ: അഫ്ഗാനിസ്താനിൽ താലിബാൻ അധികാരം പിടിച്ചെടുത്തിട്ട് അഞ്ച് വർഷം പൂർത്തിയാകുന്നു. അമേരിക്കൻ സൈന്യം അഫ്ഗാനിസ്താനിൽനിന്ന് പിൻവാങ്ങിയതിന് പിന്നാലെ 2021 ഓഗസ്റ്റ് 15നാണ് താലിബാൻ കാബൂൾ പിടിച്ചടക്കിയത്. ഇതിന്റെ ഓർമ പുതുക്കി രാജ്യത്തുടനീളം താലിബാൻ വിജയദിനാഘോഷങ്ങൾ നടക്കുമ്പോഴും കടുത്ത സാമ്പത്തിക പ്രതിസന്ധിയും മനുഷ്യാവകാശ ലംഘനങ്ങളും തുടരുകയാണ്.

2001ലാണ് അമേരിക്ക അഫ്ഗാനിസ്താനിൽ സൈനിക ഇടപെടൽ ആരംഭിച്ചത്. തുടർന്ന് രണ്ട് പതിറ്റാണ്ടോളം നീണ്ട സംഘർഷത്തിനും അമേരിക്കൻ സാന്നിധ്യത്തിനുമൊടുവിലാണ് 2021ൽ താലിബാൻ വീണ്ടും അധികാരത്തിലെത്തിയത്. കാബൂൾ പിടിച്ചെടുത്തതോടെ അഫ്ഗാനിലെ രാഷ്ട്രീയ അധികാരത്തിൽ താലിബാൻ നിർണായക ശക്തിയായി മാറുകയായിരുന്നു.

താലിബാൻ അനുകൂലികൾ തെരുവുകളിൽ റാലി നടത്തിയും വാഹനങ്ങൾ അലങ്കരിച്ചും വിജയദിനം ആഘോഷിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിക്കുന്നുണ്ട്. ശനിയാഴ്ച താലിബാൻ ഭരണാധികാരികൾ അഫ്ഗാനിലെ പരമ്പരാഗത ലോയ ജിർഗ അസംബ്ലി ഹാളിൽ ഒത്തുകൂടി. പതിറ്റാണ്ടുകൾ നീണ്ട സംഘർഷത്തിന് അറുതിവരുത്തി രാജ്യത്ത് സ്ഥിരത പുനഃസ്ഥാപിച്ച ദിനമായാണ് താലിബാൻ ഈ ദിവസത്തെ വിശേഷിപ്പിച്ചത്.

മുൻ അമേരിക്കൻ എംബസിക്ക് മുന്നിലൂടെയും താലിബാൻ സൈനികർ വാഹനങ്ങളിലും പതാകകളുമേന്തി പ്രകടനം നടത്തി. ബാനറുകളും പതാകകളും ഉയർത്തിയുള്ള പ്രകടനങ്ങളിലൂടെ തങ്ങളുടെ വിജയമാണ് താലിബാൻ ആഘോഷിച്ചത്.

എന്നാൽ ആഘോഷങ്ങൾക്കപ്പുറം അഫ്ഗാനിസ്താൻ കടുത്ത സാമ്പത്തിക-മാനുഷിക പ്രതിസന്ധിയിലൂടെയാണ് കടന്നുപോകുന്നത്. അന്താരാഷ്ട്ര ഉപരോധങ്ങളും വിദേശ സഹായത്തിലെ കുറവും രാജ്യത്തിന്റെ സമ്പദ്‌വ്യവസ്ഥയെ വലിയ തോതിൽ ബാധിച്ചിട്ടുണ്ട്. സ്ത്രീകളുടെയും പെൺകുട്ടികളുടെയും അവകാശങ്ങൾ കടുത്ത രീതിയിൽ നിയന്ത്രിക്കപ്പെടുന്നതും അന്താരാഷ്ട്ര തലത്തിൽ ആശങ്ക ഉയർത്തുന്നു.

ഏകദേശം 25 ലക്ഷം പെൺകുട്ടികൾക്ക് വിദ്യാഭ്യാസം നിഷേധിക്കപ്പെട്ടതായാണ് റിപ്പോർട്ടുകൾ. സ്ത്രീകൾക്ക് ജോലി ചെയ്യുന്നതിനും പൊതുസ്ഥലങ്ങളിൽ എത്തുന്നതിനും കടുത്ത നിയന്ത്രണങ്ങളുണ്ട്. ഐക്യരാഷ്ട്ര സംഘടനയുടെ കണക്കുകൾ പ്രകാരം അഫ്ഗാനിലെ പകുതിയോളം സ്ത്രീകൾ മാസത്തിൽ ഒന്നോ രണ്ടോ തവണ മാത്രമാണ് വീടിന് പുറത്തേക്ക് ഇറങ്ങുന്നത്.

സ്ത്രീകൾക്കെതിരായ നിയന്ത്രണങ്ങളും മനുഷ്യാവകാശ ലംഘനങ്ങളും ചൂണ്ടിക്കാട്ടി റഷ്യ ഒഴികെയുള്ള പ്രധാന ലോകരാജ്യങ്ങളൊന്നും താലിബാൻ ഭരണകൂടത്തെ ഔദ്യോഗികമായി അംഗീകരിച്ചിട്ടില്ല. അതേസമയം ഇന്ത്യ, ഖത്തർ, ചൈന, ഇറാൻ തുടങ്ങിയ രാജ്യങ്ങൾ കാബൂളുമായുള്ള നയതന്ത്ര, സാമ്പത്തിക ബന്ധങ്ങൾ ശക്തിപ്പെടുത്തിയിട്ടുണ്ട്. ദക്ഷിണേഷ്യയെയും മധ്യേഷ്യയെയും ബന്ധിപ്പിക്കുന്ന പ്രധാന വ്യാപാരപാതയായി അഫ്ഗാനിസ്താനെ മാറ്റാനും താലിബാൻ ശ്രമിക്കുന്നുണ്ട്.

അമേരിക്ക ഉൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾ സാമ്പത്തിക സഹായം വെട്ടിക്കുറച്ചതോടെ അഫ്ഗാന്റെ സാമ്പത്തിക പ്രതിസന്ധി രൂക്ഷമായി. ആവർത്തിച്ചുള്ള വരൾച്ച, ഭൂചലനങ്ങൾ, ഇറാനിൽനിന്നും പാകിസ്താനിൽനിന്നും അഫ്ഗാൻ പൗരന്മാരുടെ കൂട്ട നാടുകടത്തൽ തുടങ്ങിയ പ്രതിസന്ധികളും താലിബാൻ ഭരണകൂടത്തിന് വെല്ലുവിളിയാണ്.

കഴിഞ്ഞ അഞ്ച് വർഷത്തിനിടെ തൊഴിലില്ലായ്മയും ദാരിദ്ര്യവും രൂക്ഷമായി. ഏകദേശം 4.5 കോടി ജനസംഖ്യയുള്ള അഫ്ഗാനിൽ പകുതിയിലധികം പേർക്കും അന്താരാഷ്ട്ര മാനുഷിക സഹായം ആവശ്യമാണെന്നാണ് കണക്കുകൾ. 2021ൽ ഏകദേശം 600 കോടി ഡോളറായിരുന്ന രാജ്യത്തിന്റെ വാർഷിക ബജറ്റ് താലിബാൻ ഭരണത്തിന് കീഴിൽ 244 കോടി ഡോളറായി ചുരുങ്ങിയതായും റിപ്പോർട്ടുകളുണ്ട്.

പാകിസ്താൻ അതിർത്തിയിലെ സംഘർഷങ്ങളും അഫ്ഗാന്റെ സാമ്പത്തിക നിലയെ കൂടുതൽ ദുർബലമാക്കുന്നു. രാജ്യത്തിന്റെ പ്രധാന വ്യാപാരപാതകളെയും അതിർത്തി സംഘർഷങ്ങൾ ബാധിച്ചിട്ടുണ്ട്. താലിബാൻ അധികാരം ഉറപ്പിച്ചെങ്കിലും സാമ്പത്തികമായി തകർന്ന രാജ്യത്തെ പുനർനിർമിക്കുകയും ജനങ്ങളുടെ അടിസ്ഥാന അവകാശങ്ങൾ ഉറപ്പാക്കുകയും ചെയ്യുക എന്നത് ഭരണകൂടത്തിന് മുന്നിലുള്ള വലിയ വെല്ലുവിളിയായി തുടരുകയാണ്.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer