ബൻകുര: പശ്ചിമ ബംഗാളിലെ ബൻകുര ജില്ലയിൽ കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി.) പ്രവർത്തകന്റെ വീടിനുനേരെയുണ്ടായ ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ പ്രവർത്തകന്റെ പിതാവ് മരിച്ചു. സി.ജെ.പി പ്രവർത്തകൻ അബ്ദുൽ ഹാഫിസിന്റെ പിതാവാണ് ചികിത്സയിലിരിക്കെ ഞായറാഴ്ച മരിച്ചത്. വ്യാഴാഴ്ച രാത്രിയായിരുന്നു ആക്രമണം.
സി.ജെ.പിയുടെ ‘സ്കൂൾ ടീക് കരോ’ (സ്കൂൾ നന്നാക്കൂ) ക്യാമ്പയിന്റെ ഭാഗമായി അബ്ദുൽ ഹാഫിസ് താൻ പഠിച്ച സ്കൂളിന്റെ മോശം അവസ്ഥ ക്യാമറയിൽ പകർത്തിയിരുന്നു. ഇതിന് പിന്നാലെ ഒരു സംഘം ആളുകൾ ഹാഫിസിന്റെ വീട്ടിൽ കയറി അദ്ദേഹത്തെയും പ്രായമായ പിതാവിനെയും മർദിച്ചതായാണ് കുടുംബത്തിന്റെ ആരോപണം.
ആക്രമണത്തിൽ ഗുരുതരമായി പരിക്കേറ്റ ഇരുവരെയും ബൻകുരയിലെ സർക്കാർ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ചികിത്സയ്ക്കിടെയാണ് ഹാഫിസിന്റെ പിതാവ് മരിച്ചത്.
ഹാഫിസിനെ മാരകായുധങ്ങൾ ഉപയോഗിച്ച് ആക്രമിക്കുകയും ഫോണിൽ പകർത്തിയ ദൃശ്യങ്ങൾ നിർബന്ധിച്ച് ഡിലീറ്റ് ചെയ്യിക്കുകയും ചെയ്തതായി കുടുംബം ആരോപിച്ചു.
സംഭവത്തിന് പിന്നിൽ ബി.ജെ.പി പ്രവർത്തകരാണെന്ന് സി.ജെ.പി നേതാക്കൾ ആരോപിച്ചു. എന്നാൽ ആരോപണം ബി.ജെ.പി തള്ളി. പാർട്ടിയെ അപകീർത്തിപ്പെടുത്താനുള്ള തൃണമൂൽ കോൺഗ്രസിന്റെയും ഇടതുകക്ഷികളുടെയും ശ്രമമാണിതെന്ന് ബി.ജെ.പി വക്താവ് കേയ ഘോഷ് പറഞ്ഞു. അക്രമത്തിൽ ബി.ജെ.പി പ്രവർത്തകർക്ക് പങ്കുണ്ടെന്ന് തെളിഞ്ഞാൽ കർശന നടപടി സ്വീകരിക്കുമെന്നും അവർ വ്യക്തമാക്കി.
കുടുംബത്തിന്റെ ഔദ്യോഗിക പരാതി ലഭിച്ചാൽ എഫ്.ഐ.ആർ രജിസ്റ്റർ ചെയ്ത് തുടർനടപടികൾ സ്വീകരിക്കുമെന്ന് ബൻകുര പൊലീസ് സൂപ്രണ്ട് വി.ജി. സതീഷ് പസുമർത്തി അറിയിച്ചു. സംഭവത്തിൽ പ്രതിഷേധിച്ച് സി.ജെ.പി നേതാക്കൾ പശ്ചിമ ബംഗാളിലെത്തുമെന്നും കുറ്റക്കാർക്കെതിരെ നടപടി സ്വീകരിക്കുന്നതുവരെ പ്രതിഷേധം തുടരുമെന്നും പാർട്ടി അറിയിച്ചു.




