ന്യൂഡൽഹി: കോക്രോച്ച് ജനതാ പാർട്ടി (സി.ജെ.പി) സ്ഥാപകൻ അഭിജീത് ദീപ്കെയെ എൻ.ഡി.എ സഖ്യത്തിന്റെ ഭാഗമാകാൻ ക്ഷണിച്ച് കേന്ദ്രമന്ത്രി രാംദാസ് അത്താവലെ. അത്താവലെയുടെ നേതൃത്വത്തിലുള്ള റിപ്പബ്ലിക്കൻ പാർട്ടി ഓഫ് ഇന്ത്യ (എ)യിൽ ചേർന്ന് ഡോ. ബാബാസാഹേബ് അംബേദ്കറുടെ ആശയങ്ങളും സ്വപ്നങ്ങളും മുന്നോട്ടുകൊണ്ടുപോകാൻ ദീപ്കെ തയ്യാറാകണമെന്നും മന്ത്രി ആവശ്യപ്പെട്ടു.
തെറ്റ് ചെയ്യുന്നവർ ശിക്ഷിക്കപ്പെടണമെന്ന് വിശ്വസിക്കുന്ന സർക്കാരാണ് നിലവിലുള്ളതെന്നും അതിനാൽ ദീപ്കെ ഭരണപക്ഷത്തിനൊപ്പം ചേരണമെന്നും അത്താവലെ പറഞ്ഞു. ദീപ്കെ ചുറുചുറുക്കുള്ള അംബേദ്കറൈറ്റ് നേതാവാണെന്നാണ് തന്റെ വിശ്വാസമെന്നും അദ്ദേഹത്തിന്റെ പാർട്ടിയിലേക്കുള്ള വരവ് സംഘടനയെയും സമൂഹത്തെയും കൂടുതൽ ശക്തിപ്പെടുത്തുമെന്നും കേന്ദ്രമന്ത്രി വ്യക്തമാക്കി.
അതേസമയം, അത്താവലെയുടെ ക്ഷണത്തോട് അഭിജീത് ദീപ്കെ ഇതുവരെ പ്രതികരിച്ചിട്ടില്ല. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് പ്രവേശിക്കാൻ താൽപര്യമില്ലെന്ന് ദീപ്കെ നേരത്തെ വ്യക്തമാക്കിയിരുന്നു.
രാജ്യത്തിന് ഇപ്പോൾ ആവശ്യം മറ്റൊരു രാഷ്ട്രീയ പാർട്ടിയല്ലെന്നും മറിച്ച് ജനകീയ മുന്നേറ്റമാണെന്നുമാണ് രാഷ്ട്രീയ പ്രവേശനവുമായി ബന്ധപ്പെട്ട ചോദ്യങ്ങൾക്ക് ദീപ്കെ നേരത്തെ നൽകിയ മറുപടി. എൻഫോഴ്സ്മെന്റ് ഡയറക്ടറേറ്റ്, സി.ബി.ഐ തുടങ്ങിയ കേന്ദ്ര അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് രാഷ്ട്രീയ പാർട്ടികളെ പിളർത്തുന്ന സാഹചര്യം നിലനിൽക്കുന്നതിനാൽ ജനങ്ങൾക്ക് രാഷ്ട്രീയ സംവിധാനത്തിലും തിരഞ്ഞെടുപ്പ് പ്രക്രിയയിലുമുള്ള വിശ്വാസം നഷ്ടപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം അഭിപ്രായപ്പെട്ടിരുന്നു.


