മസ്കറ്റ്: ഒമാനിലെ വടക്കൻ അൽ ശർഖിയ ഗവർണറേറ്റിലെ വിവിധ പ്രദേശങ്ങളിൽ ബുധനാഴ്ച ശക്തമായ മഴ ലഭിച്ചു. ഒമാൻ കാലാവസ്ഥാ നിരീക്ഷണ കേന്ദ്രമാണ് ഇക്കാര്യം അറിയിച്ചത്. കനത്ത മഴയെ തുടർന്ന് നിരവധി വാദികളിലും താഴ്വരകളിലും വെള്ളം നിറഞ്ഞു. ഇബ്ര വിലായത്തിലെ അൽ ഹൈമ, ഖഫീഫ, ജാദ്യ തുടങ്ങിയ പ്രദേശങ്ങളിൽ ശക്തമായ മഴ ലഭിച്ചതോടെ നിരവധി വാദികൾ നിറഞ്ഞൊഴുകി.
അൽ മുദൈബി, ബിദിയ, അൽ ഖാബിൽ, ദിമ വ അത്തായീൻ തുടങ്ങിയ പ്രദേശങ്ങളിലും കനത്ത മഴ രേഖപ്പെടുത്തി. ചില വാദികളിൽ ശക്തമായ നീരൊഴുക്കും അനുഭവപ്പെട്ടു. വാദികളുടെ തീരപ്രദേശങ്ങളിൽ താമസിക്കുന്നവരും വാഹനമോടിക്കുന്നവരും ജാഗ്രത പാലിക്കണമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ശക്തമായ നീരൊഴുക്കുള്ള സമയത്ത് വാദികൾ മുറിച്ചുകടക്കാൻ ശ്രമിക്കരുതെന്നും അധികൃതർ നിർദേശിച്ചു.


