ചെന്നൈ: 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗത്തിൽ പങ്കെടുക്കാനായി ചെന്നൈയിലെത്തിയ കേരള മുഖ്യമന്ത്രി വി.ഡി. സതീശൻ തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയുമായി കൂടിക്കാഴ്ച നടത്തി. വ്യവസായ വകുപ്പ് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടിയും വി.ഡി. സതീശനൊപ്പമുണ്ടായിരുന്നു. ദക്ഷിണേന്ത്യൻ മുഖ്യമന്ത്രിമാരുടെ യോഗത്തിന് മുന്നോടിയായാണ് ഇരുവരും കൂടിക്കാഴ്ച നടത്തിയത്.
കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷായുടെ അധ്യക്ഷതയിൽ 31-ാമത് സതേൺ സോണൽ കൗൺസിൽ യോഗം ചെന്നൈയ്ക്കടുത്ത് കോവളത്തെ സ്വകാര്യ ഹോട്ടലിൽ ആരംഭിച്ചു. കേരളം, തമിഴ്നാട്, ആന്ധ്രപ്രദേശ്, തെലങ്കാന എന്നീ സംസ്ഥാനങ്ങളുടെയും പുതുച്ചേരി, ലക്ഷദ്വീപ് ഉൾപ്പെടെയുള്ള കേന്ദ്രഭരണ പ്രദേശങ്ങളുടെയും പ്രതിനിധികൾ യോഗത്തിൽ പങ്കെടുക്കുന്നുണ്ട്.
ദക്ഷിണേന്ത്യയിലെ സംസ്ഥാനങ്ങൾ തമ്മിലുള്ള നദീജല പങ്കിടൽ, സ്ത്രീസുരക്ഷ, പ്രധാനമന്ത്രി ആവാസ് യോജനയുടെ നടത്തിപ്പ്, വ്യോമയാന മേഖലയിലെ പ്രശ്നങ്ങൾ തുടങ്ങിയ വിഷയങ്ങൾ യോഗത്തിൽ ചർച്ചയാകും. അന്തർസംസ്ഥാന വിഷയങ്ങളിൽ ഏകോപിതമായ പരിഹാരം കണ്ടെത്തുന്നതിനുള്ള വേദിയായും സതേൺ സോണൽ കൗൺസിൽ യോഗം മാറും.
1956ലെ സംസ്ഥാന പുനഃസംഘടനാ നിയമത്തിലെ വ്യവസ്ഥകൾ പ്രകാരമാണ് മേഖലാ കൗൺസിലുകൾ രൂപീകരിച്ചത്. കേന്ദ്ര ആഭ്യന്തര മന്ത്രിയാണ് കൗൺസിലിന്റെ ചെയർമാൻ. അംഗസംസ്ഥാനങ്ങൾ മാറിമാറിയാണ് വൈസ് ചെയർമാൻ, സെക്രട്ടറി സ്ഥാനങ്ങൾ വഹിക്കുന്നത്. തമിഴ്നാട് മുഖ്യമന്ത്രി സി. ജോസഫ് വിജയാണ് നിലവിലെ വൈസ് ചെയർമാൻ.
2022ലാണ് 30-ാമത് സതേൺ സോണൽ കൗൺസിൽ യോഗം തിരുവനന്തപുരത്ത് നടന്നത്. പൊതുവായ വിഷയങ്ങളിൽ ശുപാർശകൾ നൽകാനുള്ള അധികാരമാണ് കൗൺസിലിനുള്ളതെങ്കിലും ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങൾ തമ്മിലുള്ള ഏകോപനം ശക്തിപ്പെടുത്തുന്നതിൽ യോഗത്തിന് പ്രധാന പങ്കുണ്ട്.
കാവേരി നദീജല തർക്കവുമായി ബന്ധപ്പെട്ട് തമിഴ്നാട്, കർണാടക മുഖ്യമന്ത്രിമാർ തമ്മിൽ കൂടിക്കാഴ്ചയ്ക്കുള്ള സാധ്യതയും യോഗത്തിനിടെ നിലനിൽക്കുന്നുണ്ട്. മന്ത്രിതല, ഉദ്യോഗസ്ഥതല ചർച്ചകൾക്കും യോഗത്തോടനുബന്ധിച്ച് തുടർനടപടികൾ ഉണ്ടാകും.


