ആലപ്പുഴ: മുൻ മന്ത്രി കെ.ബി. ഗണേഷ് കുമാറിനും ഇടതുപക്ഷ സർക്കാരിനുമെതിരെ രൂക്ഷ വിമർശനവുമായി എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ. എസ്.എൻ. ട്രസ്റ്റ് വാർഷിക പൊതുയോഗത്തിൽ സംസാരിക്കുകയായിരുന്നു അദ്ദേഹം.
ഗണേഷ് കുമാറിന് വ്യക്തിശുദ്ധിയില്ലെന്നും മുൻ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയെ ചതിച്ചതിന്റെ പേരിലാണ് അദ്ദേഹത്തിന് മന്ത്രിസ്ഥാനം ലഭിച്ചതെന്നും വെള്ളാപ്പള്ളി ആരോപിച്ചു. സാമ്പത്തിക കാര്യങ്ങളിലും സ്ത്രീവിഷയങ്ങളിലും ഗണേഷ് കുമാറിനെതിരെ ഗുരുതര ആരോപണങ്ങളും അദ്ദേഹം ഉന്നയിച്ചു.
ഇടതുപക്ഷ സർക്കാരിന്റെ ഭരണപരാജയത്തിനും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. അധികാരമോഹികളായ നേതാക്കളും ഭരണസംവിധാനത്തിലെ പുഴുക്കുത്തുകളുമാണ് ഇടതുപക്ഷത്തിന്റെ പരാജയത്തിന് കാരണമെന്ന് അദ്ദേഹം പറഞ്ഞു. നേതാക്കളുടെ ധിക്കാരവും ധാർഷ്ട്യവും പരാജയത്തിന്റെ ആക്കം കൂട്ടിയെന്നും ആരോപിച്ചു.
തിരഞ്ഞെടുപ്പ് പരാജയത്തിന്റെ മുഴുവൻ ഉത്തരവാദിത്തവും മുഖ്യമന്ത്രി പിണറായി വിജയന്റെ തലയിൽ മാത്രം കെട്ടിവയ്ക്കാനുള്ള ശ്രമമാണ് നടക്കുന്നതെന്നും വെള്ളാപ്പള്ളി പറഞ്ഞു. പിണറായി വിജയനെ നേരിട്ട് എതിർക്കാൻ മടിയുള്ളവരാണ് തനിക്കെതിരെ തിരിയുന്നതെന്നും അദ്ദേഹം ആരോപിച്ചു.
പിണറായി വിജയന്റെ ഓഫീസിലെ പ്രധാന പുഴുക്കുത്ത് മുൻ പൊളിറ്റിക്കൽ സെക്രട്ടറി പി. ശശിയാണെന്നും വെള്ളാപ്പള്ളി ആരോപിച്ചു. എസ്എൻഡിപി യോഗത്തിനെതിരായ കേസുകളിൽ പി. ശശി ഇടപെട്ടിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. മുൻ സ്പീക്കർ എ.എൻ. ഷംസീറിനെതിരെയും വെള്ളാപ്പള്ളി വിമർശനം ഉന്നയിച്ചു. ഷംസീർ യഥാർഥ കമ്മ്യൂണിസ്റ്റുകാരനല്ലെന്നും മുസ്ലിം ലീഗിന്റെ മനസ്സുള്ളയാളാണെന്നും അദ്ദേഹം ആരോപിച്ചു.
എസ്എൻഡിപി യോഗത്തിനെതിരെ നടക്കുന്ന സമരങ്ങൾക്ക് പിന്നിൽ മുസ്ലിം ലീഗാണെന്നും ഇതിനായി ലീഗ് വലിയ തോതിൽ പണം ചെലവഴിക്കുന്നുണ്ടെന്നും വെള്ളാപ്പള്ളി ആരോപിച്ചു. ലീഗിനെ വിമർശിക്കുന്നവരുടെ പരാമർശങ്ങളെ മുസ്ലിം സമുദായത്തിനെതിരായ ആക്രമണമായി ചിത്രീകരിക്കുകയാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി.


