തിരുവനന്തപുരം: സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കി ഒരുക്കിയ ‘മിസ’ നാടകം ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ചതിന് പിന്നാലെ ഉയർന്ന സദാചാര ആക്രമണങ്ങളിൽ പ്രതികരണവുമായി യൂത്ത് കോൺഗ്രസ്. നാടകത്തിലെ നടിക്കെതിരെ നടക്കുന്ന സദാചാര ആക്രമണത്തെ ശക്തമായി അപലപിക്കുന്നതായി യൂത്ത് കോൺഗ്രസ് സംസ്ഥാന കമ്മിറ്റി സെക്രട്ടറി എ.എ. മുഹമ്മദ് ഹാഷിം ഫേസ്ബുക്ക് കുറിപ്പിൽ വ്യക്തമാക്കി.
സ്വാതന്ത്ര്യത്തിന് മുമ്പും ശേഷവും സ്ത്രീകളും പുരുഷന്മാരും ഒരുമിച്ച് പ്രവർത്തിച്ച പാരമ്പര്യമുള്ള പാർട്ടിയാണ് ഇന്ത്യൻ നാഷണൽ കോൺഗ്രസെന്ന് മുഹമ്മദ് ഹാഷിം പറഞ്ഞു. അതേ നിലപാടിന്റെ തുടർച്ചയായാണ് രാഹുൽ ഗാന്ധി സ്ത്രീ-പുരുഷ സമത്വം ഉയർത്തിപ്പിടിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.
കോൺഗ്രസിനെതിരെ രാഷ്ട്രീയ എതിരാളികൾ കാലങ്ങളായി ഉപയോഗിക്കുന്ന പ്രധാന ആയുധങ്ങളിലൊന്ന് പാർട്ടിയിലെ വനിതാ നേതാക്കൾക്കെതിരെ നുണകളുടെ അടിസ്ഥാനത്തിൽ നടത്തുന്ന സദാചാര ആക്രമണമാണെന്നും മുഹമ്മദ് ഹാഷിം ആരോപിച്ചു. സദാചാര ഭീരുക്കളുടെ ആക്രമണത്തിന് ഇരയാകുന്ന സ്ത്രീകളെ കോൺഗ്രസുകാർക്ക് കണ്ടില്ലെന്ന് നടിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
സ്നേഹലത റെഡ്ഡിയുടെ ജീവിതത്തെ ആസ്പദമാക്കിയാണ് ‘മിസ’ നാടകം ഒരുക്കിയത്. ഡിവൈഎഫ്ഐ സംസ്ഥാന സമ്മേളന വേദിയിൽ അവതരിപ്പിച്ച നാടകത്തിലെ ഒരു രംഗം മാത്രം തെരഞ്ഞെടുത്ത് സാമൂഹിക മാധ്യമങ്ങളിലൂടെ വ്യാപകമായി പ്രചരിപ്പിച്ചതിന് പിന്നാലെയാണ് സദാചാര വിമർശനങ്ങൾ ഉയർന്നത്.
അതേസമയം, നാടകത്തിനെതിരെ നടക്കുന്ന സദാചാര പ്രചാരണങ്ങൾക്കെതിരെ ശക്തമായ നിയമനടപടി സ്വീകരിക്കുമെന്ന് ഡിവൈഎഫ്ഐ നേരത്തെ വ്യക്തമാക്കിയിരുന്നു. ‘മിസ’ നാടകം വീണ്ടും പൊതുസമ്മേളന വേദിയിൽ അവതരിപ്പിക്കുമെന്നും സംഘടന അറിയിച്ചു. നാടകത്തിലെ രംഗങ്ങൾ മറ്റ് പാട്ടുകൾ ചേർത്ത് വക്രീകരിച്ചാണ് പ്രചരിപ്പിക്കുന്നതെന്നും ഡിവൈഎഫ്ഐ ആരോപിച്ചു. കോൺഗ്രസ്, ബിജെപി, ലീഗ് പ്രവർത്തകരും നേതാക്കളുമാണ് ഇത്തരം പ്രചാരണങ്ങൾക്ക് പിന്നിലെന്നും ഡിവൈഎഫ്ഐ ആരോപണമുന്നയിച്ചിരുന്നു.











