മലപ്പുറം: എടക്കരയിൽ ഉദ്ഘാടനത്തിന് രണ്ട് ദിവസം മാത്രം ശേഷിക്കെ പുതിയ ഓഡിറ്റോറിയത്തിൽ വൻ തീപിടിത്തം. ചുങ്കത്തറ മാമ്പൊയിൽ സി.എൻ.ജി റോഡിന് സമീപം നിർമാണത്തിന്റെ അവസാനഘട്ടത്തിലായിരുന്ന ഓഡിറ്റോറിയമാണ് തീപിടിച്ച് തകർന്നത്. തൊഴിലാളികൾ തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. നിലമ്പൂർ വല്ലപ്പുഴ സ്വദേശി കിണറ്റിങ്ങൽ ജോൺ മാത്യുവിന്റെ ഉടമസ്ഥതയിലുള്ളതാണ് ഓഡിറ്റോറിയം.
വ്യാഴാഴ്ച വൈകിട്ട് 4.45ഓടെയാണ് തീപിടിത്തമുണ്ടായത്. ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. ഞായറാഴ്ച ആദ്യ വിവാഹച്ചടങ്ങോടെ ഓഡിറ്റോറിയം ഉദ്ഘാടനം ചെയ്യാനിരിക്കുകയായിരുന്നു. തീപിടിത്തത്തിൽ ഏകദേശം ഒരുകോടി രൂപയുടെ നഷ്ടമുണ്ടായതായാണ് പ്രാഥമിക വിലയിരുത്തൽ.
അപകടസമയത്ത് വിവിധ നിർമാണ ജോലികളുമായി ബന്ധപ്പെട്ട് 200ഓളം തൊഴിലാളികൾ സ്ഥലത്തുണ്ടായിരുന്നു. തീപടരുന്നത് ശ്രദ്ധയിൽപ്പെട്ടതോടെ തൊഴിലാളികൾ ഉടൻ പുറത്തേക്കിറങ്ങിയതിനാലാണ് വൻ ദുരന്തം ഒഴിവായത്. ഓഡിറ്റോറിയത്തിന്റെ സീലിങ് പൂർണമായും കത്തിനശിച്ചു. തൊഴിലാളികളുടെ പണിയായുധങ്ങളും മറ്റ് ഉപകരണങ്ങളും തീയിൽ നശിച്ചു.
വിവരമറിഞ്ഞ് നിലമ്പൂരിൽ നിന്ന് സ്റ്റേഷൻ ഓഫീസർ വി. ബാബുരാജിന്റെയും അസിസ്റ്റന്റ് സ്റ്റേഷൻ ഓഫീസർ കെ. യൂസഫലിയുടെയും നേതൃത്വത്തിൽ അഗ്നിരക്ഷാസേനയുടെ രണ്ട് യൂണിറ്റുകൾ സ്ഥലത്തെത്തി. ഏറെ നേരത്തെ പരിശ്രമത്തിനൊടുവിലാണ് തീ നിയന്ത്രണവിധേയമാക്കിയത്. സംഭവത്തിൽ ആർക്കും പരിക്കേറ്റിട്ടില്ല.




