വർക്കല: ഇടവ വെറ്റക്കട കടൽതീരത്ത് അനധികൃത മത്സ്യബന്ധനത്തെ ചൊല്ലി പരമ്പരാഗത മത്സ്യത്തൊഴിലാളികളും വലിയ ബോട്ട് ഉടമകളും ജീവനക്കാരും തമ്മിൽ സംഘർഷം. അതിർത്തി ലംഘിച്ച് മത്സ്യബന്ധനം നടത്തിയ വലിയ ബോട്ട് ചെറുകിട മത്സ്യത്തൊഴിലാളികൾ തടഞ്ഞ് പിടിച്ചെടുത്തതോടെയാണ് പ്രശ്നം രൂക്ഷമായത്.
ബോട്ട് തടയാൻ ശ്രമിച്ച ചെറുകിട മത്സ്യത്തൊഴിലാളികളെ ബോട്ട് ജീവനക്കാർ ആക്രമിച്ചതാണ് സംഘർഷത്തിന് കാരണമായത്. വലിയ ബോട്ടുകളുടെ നിയമവിരുദ്ധ മത്സ്യബന്ധനത്തിനെതിരെ പരമ്പരാഗത മത്സ്യത്തൊഴിലാളികൾ കഴിഞ്ഞ ദിവസം തീരദേശ റോഡ് ഉപരോധിച്ചിരുന്നു.
തുടർന്ന് പൊലീസിന്റെ നേതൃത്വത്തിൽ ചർച്ച നടത്തി പ്രശ്നം പരിഹരിക്കാമെന്ന് ഉറപ്പ് നൽകിയിരുന്നു. എന്നാൽ ഇതിന് പിന്നാലെയും വലിയ ബോട്ടുകൾ തീരത്തോട് ചേർന്ന് മത്സ്യബന്ധനത്തിന് എത്തിയതോടെ തൊഴിലാളികൾ പ്രതിഷേധവുമായി രംഗത്തെത്തി.
അയിരൂർ എസ്എച്ച്ഒയുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘം സ്ഥലത്ത് ക്യാമ്പ് ചെയ്ത് സ്ഥിതിഗതികൾ നിയന്ത്രിക്കാൻ ശ്രമിക്കുകയാണ്. പരമ്പരാഗത മത്സ്യത്തൊഴിലാളികളുടെ ഉപജീവനം തടസ്സപ്പെടുത്തുന്ന വലിയ ബോട്ടുകൾക്കെതിരെ ശക്തമായ നടപടി വേണമെന്നാണ് തൊഴിലാളികളുടെ ആവശ്യം. പൊലീസ് ഇടപെടലിനെ തുടർന്ന് നിലവിൽ സംഘർഷാവസ്ഥയ്ക്ക് താൽക്കാലിക ശമനമുണ്ടായിട്ടുണ്ട്. എന്നാൽ പ്രദേശത്ത് വീണ്ടും പ്രതിഷേധം ഉണ്ടാകാനുള്ള സാധ്യത ഉണ്ട്.


