കണ്ണൂർ: വെള്ളാപ്പള്ളി നടേശന്റെ പരാമർശങ്ങൾക്കെതിരെ രൂക്ഷ വിമർശനവുമായി സിപിഎം. സംസ്ഥാന കമ്മിറ്റിയംഗം എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടത്തിയ മോശം പരാമർശത്തിന് പിന്നിൽ കടുത്ത മുസ്‌ലിം വിരോധമാണെന്ന് സിപിഎം ജില്ലാ സെക്രട്ടറി കെ.കെ. രാഗേഷ് ആരോപിച്ചു. മുസ്‌ലിം നാമധാരികളായ സിപിഎം നേതാക്കളെ കാണുമ്പോൾ വെള്ളാപ്പള്ളിയുടെ വിരോധം കൂടുതൽ പ്രകടമാകുകയാണെന്നും അദ്ദേഹം പ്രസ്താവനയിൽ പറഞ്ഞു.
മതേതരമായ പൊതുപ്രവർത്തന പാരമ്പര്യമുള്ള ഷംസീറിനെ ഇത്തരത്തിൽ വ്യക്തിപരമായി അധിക്ഷേപിക്കുന്നത് നീചമാണെന്നും രാഗേഷ് പറഞ്ഞു. നിയമസഭാ തിരഞ്ഞെടുപ്പുമായി ബന്ധപ്പെട്ട വിലയിരുത്തൽ പാർട്ടി ജനാധിപത്യപരമായ രീതിയിൽ നടത്തിയതാണ്. ഇക്കാര്യം പാർട്ടി അനുഭാവികളെയും അറിയിച്ചിട്ടുണ്ട്. ഇതിന്റെ പേരിൽ പാർട്ടി നേതാക്കൾക്കെതിരെ അടിസ്ഥാനരഹിതമായ ആരോപണങ്ങൾ ഉന്നയിക്കുന്ന വെള്ളാപ്പള്ളി നടേശന്റെ നിലപാടിനെതിരെ പ്രതിഷേധം ഉയരണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
പാലത്തായി കേസ്: പദ്മരാജന് ജാമ്യം ലഭിച്ചത് ഒത്തുകളിയെന്ന് സിപിഎം
പാലത്തായിയിൽ വിദ്യാർഥിനിയെ പീഡിപ്പിച്ച കേസിൽ ബിജെപി നേതാവും അധ്യാപകനുമായ പദ്മരാജന് ജാമ്യം ലഭിച്ചത് യുഡിഎഫ് സർക്കാരിന്റെ ഒത്തുകളിയുടെ ഭാഗമാണെന്നും കെ.കെ. രാഗേഷ് ആരോപിച്ചു.
കഴിഞ്ഞ എൽഡിഎഫ് സർക്കാരിന്റെ കാലത്ത് പൊലീസ് നടത്തിയ അന്വേഷണത്തിന്റെ അടിസ്ഥാനത്തിലാണ് കേസിൽ പ്രതിക്ക് കോടതി ശിക്ഷ വിധിച്ചതെന്ന് രാഗേഷ് പറഞ്ഞു. യുഡിഎഫ് സർക്കാർ അധികാരത്തിലെത്തി മാസങ്ങൾക്കുള്ളിലാണ് പ്രോസിക്യൂഷന്റെ ഒത്തുകളിയിലൂടെ പ്രതിക്ക് ജാമ്യം ലഭിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
ആർഎസ്എസ് നയം പിന്തുടരുന്ന സർക്കാർ ഇടപെടലില്ലാതെ പ്രോസിക്യൂഷൻ ഇത്രയും ഗൗരവമുള്ള കേസിനെ ലാഘവത്തോടെ സമീപിക്കില്ലെന്നും രാഗേഷ് പറഞ്ഞു. പദ്മരാജന് ജാമ്യം ലഭിക്കാനിടയായ സാഹചര്യത്തിന്റെ ഉത്തരവാദിത്വത്തിൽ നിന്ന് മുഖ്യമന്ത്രിക്കും സർക്കാരിനും ഒഴിഞ്ഞുമാറാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.


