തിരുവനന്തപുരം: ബാലരാമപുരം ജംഗ്ഷന് സമീപം കല്ലമ്പലത്ത് ഇരുചക്ര വാഹന വർക്ക്‌ഷോപ്പിൽ തീപിടിത്തം. ദേശീയപാതയോരത്തെ ‘പെൻഗ്വിൻ ടൂവീലർ വർക്ക്‌ഷോപ്പി’ലാണ് ഇന്നലെ രാത്രി തീപിടിച്ചത്. വർക്ക്‌ഷോപ്പിൽ സൂക്ഷിച്ചിരുന്ന എട്ട് വാഹനങ്ങൾ പൂർണമായും കത്തിനശിച്ചു. കടയിലെ ഉപകരണങ്ങൾക്കും കെട്ടിടത്തിനും വലിയ നാശനഷ്ടമുണ്ടായി. തീപിടിത്ത സമയത്ത് ജീവനക്കാർ സ്ഥലത്തില്ലാതിരുന്നതിനാൽ ആളപായമില്ല.
നെയ്യാറ്റിൻകരയിൽ നിന്ന് എത്തിയ രണ്ട് ഫയർഫോഴ്സ് യൂണിറ്റുകളും പൊലീസും ചേർന്നാണ് തീ നിയന്ത്രണവിധേയമാക്കിയത്. സമയബന്ധിതമായ ഇടപെടലിലൂടെ തീ സമീപത്തെ കടകളിലേക്ക് പടരുന്നത് തടയാനായി.
ഷോർട്ട് സർക്യൂട്ടാണ് തീപിടിത്തത്തിന് കാരണമെന്നാണ് പ്രാഥമിക നിഗമനം. എന്നാൽ തീപിടിത്തത്തിന്റെ കൃത്യമായ കാരണം കണ്ടെത്താൻ പൊലീസ് അന്വേഷണം ആരംഭിച്ചു. ലക്ഷക്കണക്കിന് രൂപയുടെ നഷ്ടമുണ്ടായെന്നാണ് പ്രാഥമിക വിവരം.




