തിരുവനന്തപുരം: എ.എൻ. ഷംസീറിനെതിരെ എസ്എൻഡിപി യോഗം ജനറൽ സെക്രട്ടറി വെള്ളാപ്പള്ളി നടേശൻ നടത്തിയ പരാമർശങ്ങളെ തള്ളി പിണറായി വിജയൻ. വെള്ളാപ്പള്ളിയുടെ പ്രസ്താവന തീർത്തും അസംബന്ധമാണെന്നും അവജ്ഞയോടെ തള്ളിക്കളയുന്നതായും പിണറായി പറഞ്ഞു.
സിപിഎമ്മിൽ ആരും കുറുക്കുവഴിയിലൂടെ നേതാക്കളായിട്ടില്ലെന്ന് പിണറായി വ്യക്തമാക്കി. വർഷങ്ങളോളം നടത്തിയ പ്രവർത്തനങ്ങളിലൂടെയും പൊതുസമൂഹത്തിന്റെ അംഗീകാരത്തിലൂടെയുമാണ് ഒരാൾ നേതാവായി മാറുന്നതെന്നും അദ്ദേഹം പറഞ്ഞു. ഇത്തരം വിലയിരുത്തലുകൾ പാർട്ടി അവജ്ഞയോടെ തള്ളിക്കളയുമെന്നും പിണറായി വ്യക്തമാക്കി.
ചേർത്തലയിൽ നടന്ന എസ്എൻഡിപി യോഗം പരിപാടിക്കിടെയാണ് മുൻ സ്പീക്കറും സിപിഎം നേതാവുമായ എ.എൻ. ഷംസീറിനെതിരെ വെള്ളാപ്പള്ളി നടേശൻ വിമർശനം നടത്തിയത്. ഷംസീറിന് കമ്യൂണിസ്റ്റ് മനസ്സല്ലെന്നും മുസ്ലിം ലീഗിന്റെ മനസ്സാണെന്നും വെള്ളാപ്പള്ളി പറഞ്ഞിരുന്നു. പിണറായി വിജയനെപ്പോലുള്ള മുതിർന്ന നേതാക്കൾ ഏറെ ത്യാഗങ്ങൾ സഹിച്ചാണ് നേതൃനിരയിൽ എത്തിയതെന്നും ഷംസീർ വളരെ എളുപ്പത്തിൽ നേതാവായെന്നുമായിരുന്നു വെള്ളാപ്പള്ളിയുടെ പരിഹാസം.
വെള്ളാപ്പള്ളി നടേശന്റെ മുൻ വിവാദ പരാമർശങ്ങൾക്കെതിരെ പിണറായി പ്രതികരിക്കാതിരുന്നത് നേരത്തെയും ചർച്ചയായിരുന്നു. ഇത്തരം പരാമർശങ്ങൾക്കെതിരെ പാർട്ടി നിലപാട് വ്യക്തമാക്കാത്തത് കഴിഞ്ഞ തിരഞ്ഞെടുപ്പിൽ തിരിച്ചടിയായെന്നും ന്യൂനപക്ഷ വിഭാഗങ്ങൾ പാർട്ടിയിൽ നിന്നും മുന്നണിയിൽ നിന്നും അകലാൻ കാരണമായെന്നും സിപിഎം സംസ്ഥാന സമിതിയും കേന്ദ്ര കമ്മിറ്റിയും വിലയിരുത്തിയിരുന്നു.











