എറണാകുളം: ഓണാഘോഷത്തിനിടെ അങ്കമാലിയിൽ അപകടകരമായ രീതിയിൽ റോഡ് ഷോ നടത്തിയ വിദ്യാർത്ഥികൾക്കെതിരെ നടപടിയുമായി മോട്ടോർ വാഹന വകുപ്പ്. തുറന്ന ലോറിയിൽ അപകടകരമായ രീതിയിൽ നൃത്തം ചെയ്ത് വാഹനം ഓടിച്ച ഫ്രിജോ, ലോനച്ചൻ എന്നിവരുടെ ഡ്രൈവിംഗ് ലൈസൻസാണ് എം.വി.ഡി സസ്‌പെൻഡ് ചെയ്തത്.
ഓണാഘോഷങ്ങളുടെ ഭാഗമായി എറണാകുളം ജില്ലയിലെ വിവിധ കോളേജുകളിൽ റോഡ് ഷോയും മോഡിഫൈ ചെയ്ത വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും നടക്കുന്നതായി നിരവധി പരാതികൾ മോട്ടോർ വാഹന വകുപ്പിന് ലഭിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തിൽ നടത്തിയ അന്വേഷണത്തിലാണ് നാല് കോളേജുകളിലെ വിദ്യാർത്ഥികൾക്കെതിരെ നടപടി സ്വീകരിച്ചത്.
സമാനമായ രീതിയിൽ നിയമലംഘനം ശ്രദ്ധയിൽപ്പെട്ടതിനെ തുടർന്ന് ആലുവയിലും മോട്ടോർ വാഹന വകുപ്പ് കേസെടുത്തിട്ടുണ്ട്. മൂവാറ്റുപുഴയിലെ ഒരു കോളേജിലെ റോഡ് ഷോയുടെ ദൃശ്യങ്ങളും എം.വി.ഡി പരിശോധിച്ചുവരികയാണ്.
അപകടകരമായ ഡ്രൈവിംഗും വാഹനങ്ങളിലെ അഭ്യാസ പ്രകടനങ്ങളും അനുവദിക്കില്ലെന്ന് മോട്ടോർ വാഹന വകുപ്പ് വ്യക്തമാക്കി. പരിശോധനയിൽ കൂടുതൽ നിയമലംഘനങ്ങൾ കണ്ടെത്തിയാൽ കൂടുതൽ പേർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അധികൃതർ അറിയിച്ചു.


