അമരാവതി: ആന്ധ്രപ്രദേശിലെ കാക്കിനാഡ എസ്.കെ. കോളേജ് ഓഫ് നഴ്സിംഗ് ഹോസ്റ്റലിൽ മൊബൈൽ ഫോൺ കാണാതായതിനെച്ചൊല്ലിയുണ്ടായ തർക്കം പ്രാദേശിക വിദ്യാർഥിനികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളും തമ്മിലുള്ള സംഘർഷത്തിൽ കലാശിച്ചു. മുൻകരുതൽ നടപടിയുടെ ഭാഗമായി നാഗാലാൻഡ്, മണിപ്പൂർ തുടങ്ങിയ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളെ അധികൃതർ സുരക്ഷിതമായ മറ്റൊരു കെട്ടിടത്തിലേക്ക് മാറ്റി. ഇവർക്ക് പ്രത്യേക സുരക്ഷയും ഏർപ്പെടുത്തി.
ഓഗസ്റ്റ് 21ന് വടക്കുകിഴക്കൻ സംസ്ഥാനത്ത് നിന്നുള്ള ഒരു വിദ്യാർഥിനിയുടെ മൊബൈൽ ഫോൺ കാണാതായതാണ് സംഭവങ്ങളുടെ തുടക്കം. ഫോൺ മോഷണം പോയതാണെന്ന ആരോപണം ഉയർന്നതോടെ പ്രാദേശിക തെലുങ്ക് വിദ്യാർഥിനികളും വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളും തമ്മിൽ വാക്കേറ്റവും പിന്നീട് സംഘർഷവും ഉണ്ടാകുകയായിരുന്നു.
സംഭവമറിഞ്ഞ് ഞായറാഴ്ച രാവിലെ കാക്കിനാഡ ജില്ലാ കളക്ടർ എം.എൻ. ഹരേന്ദ്ര പ്രസാദും എസ്.പി. ബിന്ദു മാധവും ഹോസ്റ്റലിലെത്തി വിദ്യാർഥിനികളുമായി സംസാരിച്ചു. തുടർന്ന് കാണാതായ മൊബൈൽ ഫോൺ കണ്ടെത്തുകയും ചെയ്തു. സ്ഥിതിഗതികൾ വിലയിരുത്തിയ ശേഷമാണ് വടക്കുകിഴക്കൻ സംസ്ഥാനങ്ങളിൽ നിന്നുള്ള വിദ്യാർഥിനികളെ സമീപത്തെ സുരക്ഷിത കെട്ടിടത്തിലേക്ക് മാറ്റിയത്.
വിദ്യാർഥികളുടെ സർട്ടിഫിക്കറ്റുകൾ മോഷണം പോയെന്നും ഫീസ് അടയ്ക്കുന്നത് നിർത്തിവച്ചെന്നും വിദ്യാർഥികളെ ഹോസ്റ്റലിൽനിന്ന് പുറത്താക്കിയെന്നുമുള്ള പ്രചാരണങ്ങൾ അടിസ്ഥാനരഹിതമാണെന്ന് ജില്ലാ കളക്ടർ വ്യക്തമാക്കി. തർക്കം പൂർണമായും പരിഹരിച്ചതായും നിലവിൽ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാണെന്നും അദ്ദേഹം അറിയിച്ചു.
സംഭവത്തിന് പിന്നാലെ മണിപ്പൂർ മുൻ മുഖ്യമന്ത്രി എൻ. ബിരേൻ സിങ് ആന്ധ്രപ്രദേശ് മുഖ്യമന്ത്രിയുടെ ഓഫീസുമായി ബന്ധപ്പെട്ടു. വിദ്യാർഥികളുടെ സുരക്ഷ ഉറപ്പാക്കിയതിന് മുഖ്യമന്ത്രി എൻ. ചന്ദ്രബാബു നായിഡുവിന് അദ്ദേഹം നന്ദി അറിയിച്ചു.
വിദ്യാർഥികളുടെ സുരക്ഷയ്ക്ക് പൂർണ മുൻഗണന നൽകുന്നുണ്ടെന്നും വ്യാജവാർത്തകളും അഭ്യൂഹങ്ങളും സമൂഹമാധ്യമങ്ങളിലൂടെ പ്രചരിപ്പിക്കരുതെന്നും എസ്.പി. ബിന്ദു മാധവ് പൊതുജനങ്ങളോട് അഭ്യർഥിച്ചു.


