ചൈന: അഞ്ചുവയസ്സുകാരി അബദ്ധത്തിൽ 50 ഗ്രാം തൂക്കമുള്ള സ്വർണക്കട്ട വിഴുങ്ങി. വീട്ടിൽ കളിച്ചുകൊണ്ടിരിക്കെയാണ് കുട്ടി സ്വർണക്കട്ട വിഴുങ്ങിയത്. ഓഗസ്റ്റ് 16ന് ബെയ്ജിംഗിലെ ക്യാപിറ്റൽ മെഡിക്കൽ യൂണിവേഴ്സിറ്റിയോട് അനുബന്ധിച്ച ബെയ്ജിംഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിലാണ് കുട്ടിയെ പ്രവേശിപ്പിച്ചത്.
സ്വർണക്കട്ട വിഴുങ്ങി ഏകദേശം ആറ് മണിക്കൂറിന് ശേഷമാണ് കുട്ടിയെ ആശുപത്രിയിലെത്തിച്ചത്. എക്സ്-റേ പരിശോധനയിൽ നാല് സെന്റീമീറ്റർ നീളമുള്ള സ്വർണക്കട്ട വയറിനുള്ളിൽ കുടുങ്ങിക്കിടക്കുന്നതായി കണ്ടെത്തി.
സ്വർണക്കട്ട വയറിന്റെ ആന്തരിക പാളികൾക്ക് പരിക്കേൽപ്പിക്കാനും രക്തസ്രാവത്തിനും ആന്തരിക മുറിവുകൾക്കും കാരണമാകാനുള്ള സാധ്യതയുണ്ടായിരുന്നതിനാൽ കുട്ടിയുടെ ആരോഗ്യനില ആശങ്കാജനകമായിരുന്നു. ആശുപത്രിയിലെത്തുന്നതിന് മുമ്പ് കുടുംബം സമീപത്തെ ചില ക്ലിനിക്കുകളിൽ ചികിത്സ തേടിയെങ്കിലും അടിയന്തര എൻഡോസ്കോപ്പി നടത്താനുള്ള സൗകര്യം ലഭ്യമായിരുന്നില്ല.
തുടർന്ന് ബെയ്ജിംഗ് ചിൽഡ്രൻസ് ഹോസ്പിറ്റലിലെത്തിച്ച കുട്ടിയിൽ ഡോക്ടർമാർ അടിയന്തര എൻഡോസ്കോപ്പി നടത്തി. മിനിറ്റുകൾക്കുള്ളിൽ സ്വർണക്കട്ട പുറത്തെടുത്തു. കുട്ടിയുടെ ആരോഗ്യനില തൃപ്തികരമാണെന്നും സുഖം പ്രാപിച്ചുവരികയാണെന്നും ഡോക്ടർമാർ അറിയിച്ചു.
സംഭവം ചൈനീസ് സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയ്ക്കാണ് വഴിവെച്ചത്. അഞ്ചുവയസ്സുകാരിക്ക് കളിക്കാൻ 50 ഗ്രാം സ്വർണക്കട്ട നൽകിയ കുടുംബത്തിന്റെ സാമ്പത്തിക സ്ഥിതിയെക്കുറിച്ചായിരുന്നു പലരുടെയും കൗതുകം. കുട്ടികളെ വളർത്തുന്നതിനുള്ള ഉയർന്ന ചെലവിനെ പരിഹസിച്ചും ചിലർ പ്രതികരിച്ചു.
നാണയങ്ങൾ, ഹെയർ ക്ലിപ്പുകൾ തുടങ്ങിയ വസ്തുക്കൾ കുട്ടികൾ അബദ്ധത്തിൽ വിഴുങ്ങുന്നത് സാധാരണ അടിയന്തര സാഹചര്യങ്ങളിലൊന്നാണെന്ന് ഡോക്ടർമാർ പറയുന്നു. കുട്ടികൾ ഇത്തരം വസ്തുക്കൾ വിഴുങ്ങിയാൽ വീട്ടിൽ പരീക്ഷണങ്ങൾ നടത്താതെ എത്രയും വേഗം ആശുപത്രിയിലെത്തിക്കണമെന്നും വിദഗ്ധർ മുന്നറിയിപ്പ് നൽകി.













