പത്തനംതിട്ട: പത്തനംതിട്ട ടൗണിൽ മദ്യപിച്ച് അമിതവേഗത്തിൽ കാറോടിച്ചുണ്ടായ അപകടത്തിൽ ഒരാൾ മരിച്ചു. ഒൻപത് പേർക്ക് ഗുരുതരമായി പരിക്കേറ്റു. സംഭവത്തിൽ ഓമല്ലൂർ സ്വദേശി വിനു (48), വിശ്വജിത്ത് (24) എന്നിവരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈദ്യപരിശോധനയ്ക്കായി ഇരുവരെയും ജനറൽ ആശുപത്രിയിൽ എത്തിച്ചു.
അമിതമായി മദ്യപിച്ച ശേഷമാണ് ഇരുവരും കാറോടിച്ചതെന്നാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. അമിതവേഗത്തിലെത്തിയ കാർ വഴിയാത്രക്കാരെയും നിരവധി വാഹനങ്ങളെയും ഇടിച്ചുതെറിപ്പിക്കുകയായിരുന്നു.
പത്തനംതിട്ട ടൗണിലെ അബാൻ ആർക്കേഡിന് സമീപമാണ് അപകടമുണ്ടായത്. വഴിയാത്രക്കാരനായ ഫയർഫോഴ്സ് റിട്ടയേർഡ് ഉദ്യോഗസ്ഥൻ അബു (58) സംഭവസ്ഥലത്തുവച്ച് തന്നെ മരിച്ചു. പത്തനംതിട്ടയിലെ സ്വകാര്യ സ്കൂളിൽ ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു അബു.
ഭക്ഷണം വാങ്ങി നടന്ന് മടങ്ങുകയായിരുന്ന ബംഗാൾ സ്വദേശികളുടെ ഇടയിലേക്കാണ് കാർ പാഞ്ഞുകയറിയത്. അപകടത്തിൽ ഒൻപത് പേർക്ക് സാരമായി പരിക്കേറ്റു. വിജയ് മണ്ഡൽ (18), അഷ്കർ (19), അമിത് (22), അന്തോണീസ് (32), സഞ്ജത്ത് (18), ജമോഷ് (24), ഫർമാൻ (30), സൂര്യ (21), രൂപേഷ് (26) എന്നിവരാണ് ചികിത്സയിലുള്ളത്.
ഗുരുതരമായി പരിക്കേറ്റവരെ കോന്നി മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് മാറ്റി. അപകടവുമായി ബന്ധപ്പെട്ട് പൊലീസ് വിശദമായ അന്വേഷണം ആരംഭിച്ചിട്ടുണ്ട്.











