തിരുവനന്തപുരം: തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിച്ച് നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ ഡിവിഷൻ രൂപീകരിക്കാനുള്ള കേന്ദ്ര നീക്കത്തിനെതിരെ പാലക്കാട് എംപി വി കെ ശ്രീകണ്ഠൻ. തമിഴ്നാട്ടിൽ പുതിയ രാഷ്ട്രീയ കൂട്ടുകെട്ടുകൾ ലക്ഷ്യമിട്ടാണ് കേന്ദ്രം പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കാൻ ശ്രമിക്കുന്നതെന്ന് അദ്ദേഹം ആരോപിച്ചു.
നാഗർകോവിലും കന്യാകുമാരിയും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റി പുതിയ ഡിവിഷൻ രൂപീകരിച്ചാൽ കേരളത്തിന്റെ റെയിൽവേ വികസനം വട്ടപ്പൂജ്യമാകുമെന്ന് വി കെ ശ്രീകണ്ഠൻ പറഞ്ഞു. കേരളത്തിൽ ഭരണം പിടിക്കാൻ കഴിയില്ലെന്ന ബോധ്യത്തിലാണ് ബിജെപി സംസ്ഥാനത്തെ വേട്ടയാടുന്നതെന്നും അദ്ദേഹം ആരോപിച്ചു.
കേരളത്തോടുള്ള റെയിൽവേ അവഗണനയ്‌ക്കെതിരെ പാർലമെന്റിലും റെയിൽവേ മന്ത്രിയുടെ ഓഫീസിന് മുന്നിലും പ്രതിഷേധം ശക്തമാക്കുമെന്നും വി കെ ശ്രീകണ്ഠൻ വ്യക്തമാക്കി.
നാഗർകോവിൽ, കന്യാകുമാരി എന്നീ പ്രധാന സ്റ്റേഷനുകൾക്കൊപ്പം നേമത്തിനും നാഗർകോവിലിനും ഇടയിലുള്ള കേരളത്തിലെ റെയിൽവേ സ്റ്റേഷനുകളും തിരുവനന്തപുരം ഡിവിഷനിൽ നിന്ന് മാറ്റാൻ ശ്രമം നടക്കുന്നതായി നേരത്തെ റിപ്പോർട്ടുകൾ പുറത്തുവന്നിരുന്നു.
തമിഴ്നാട്ടിലെ ചില രാഷ്ട്രീയ കക്ഷികളുടെ നിരന്തര സമ്മർദമാണ് തിരുവനന്തപുരം ഡിവിഷൻ വിഭജിക്കാനുള്ള ചർച്ചകൾക്ക് പിന്നിലെന്നാണ് സൂചന. നാഗർകോവിൽ കേന്ദ്രീകരിച്ച് പുതിയ റെയിൽവേ ഡിവിഷൻ രൂപീകരിക്കുന്നതിലേക്ക് റെയിൽവേ ഉടൻ നീങ്ങിയേക്കുമെന്നും റിപ്പോർട്ടുകളുണ്ട്.
പാലക്കാട് റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തിന് പിന്നാലെയാണ് തിരുവനന്തപുരം ഡിവിഷനും വിഭജിക്കാനുള്ള റിപ്പോർട്ടുകൾ പുറത്തുവരുന്നത്. പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതുമായി ബന്ധപ്പെട്ട വിജ്ഞാപനം റെയിൽവേ ബോർഡ് പ്രസിദ്ധീകരിച്ചിട്ടുണ്ട്.
പാലക്കാട് ഡിവിഷൻ വിഭജിക്കുന്നതിൽ പ്രതിഷേധിച്ച് വി കെ ശ്രീകണ്ഠൻ കേന്ദ്ര റെയിൽവേ മന്ത്രിക്ക് കത്തയച്ചിരുന്നു. വിഷയത്തിൽ പ്രതിഷേധിച്ച് യുഡിഎഫിലെ മുഴുവൻ എംപിമാരും തിരുവോണ നാളിൽ രാവിലെ 9 മുതൽ വൈകിട്ട് 6 വരെ പ്രതിഷേധവും സംഘടിപ്പിച്ചിരുന്നു.
പാലക്കാട്ടെ പ്രതിഷേധങ്ങൾ ശക്തമായി തുടരുന്നതിനിടെയാണ് തിരുവനന്തപുരം റെയിൽവേ ഡിവിഷൻ വിഭജിക്കാനുള്ള നീക്കത്തെക്കുറിച്ചുള്ള റിപ്പോർട്ടുകൾ പുറത്തുവന്നിരിക്കുന്നത്.


