തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് സ്ഥാനത്തെ ചൊല്ലിയുള്ള സിപിഎം-സിപിഐ തർക്കം പരസ്യമായ പോരിലേക്ക്. പ്രതിപക്ഷ നേതാവ് പിണറായി വിജയനെ രൂക്ഷമായി വിമർശിച്ച് സിപിഐ മുഖപത്രത്തിൽ ലേഖനം വന്നതിന് പിന്നാലെയാണ് സിപിഐയെ രൂക്ഷമായി വിമർശിച്ച് സിപിഎം നേതാക്കൾ രംഗത്തെത്തിയത്. രണ്ട് ലക്ഷം വോട്ടുള്ള നിയമസഭാ മണ്ഡലങ്ങളിൽ സിപിഐക്ക് ഒറ്റയ്ക്ക് 5000 വോട്ട് കിട്ടുമോയെന്ന് സിപിഎം സംസ്ഥാന സെക്രട്ടേറിയറ്റ് അംഗം സി.എൻ.മോഹനൻ ചോദിച്ചു.
എന്നും സമ്മർദ്ദതന്ത്രം സ്വീകരിക്കുന്ന പാർട്ടിയാണ് സിപിഐ. ഇടതുപക്ഷ ഐക്യം വേണമെങ്കിൽ സിപിഎം സഹിച്ചുകൊള്ളണം എന്നതാണ് അവരുടെ നിലപാട്. കഴിഞ്ഞ തദ്ദേശ തിരഞ്ഞെടുപ്പിൽ പിഎം ശ്രീ ആയിരുന്നു ഇവരുടെ വിപ്ലവായുധം. ആ സമയത്ത് അകത്തുനിന്നാക്രമിച്ചു സർക്കാരിനെ നാണംകെടുത്തി. അതിന്റെ തുടർച്ചകൂടിയാണ് നിയമസഭ തോൽവിയെന്നും സിപിഎം സെക്രട്ടേറിയറ്റ് അംഗം കുറ്റപ്പെടുത്തി. സ്ഥാനമാനങ്ങൾക്കുവേണ്ടി സിപിഐ കോൺഗ്രസിനൊപ്പം ചേർന്ന ചരിത്രമുണ്ടെന്ന് സിപിഎം സംസ്ഥാന സമിതി അംഗം വി.ശിവൻകുട്ടിയും വിമർശിച്ചിരുന്നു.











