തിരുവനന്തപുരം: പതിറ്റാണ്ടുകളായി കേരള പൊലീസിന്റെ ഉറക്കം കളയുന്ന പിടികിട്ടാപ്പുള്ളി സുകുമാരക്കുറുപ്പിനെക്കുറിച്ചുള്ള ചോദ്യങ്ങൾക്ക് ഒടുവിൽ ഉത്തരമാകുന്നു. സുകുമാരക്കുറുപ്പ് ജീവിച്ചിരിപ്പില്ലെന്ന നിഗമനത്തിൽ കേസ് ഫയൽ അവസാനിപ്പിക്കാൻ അന്വേഷണ സംഘം ഒരുങ്ങുന്നതായി വിവരം. ഹൃദ്രോഗത്തെ തുടർന്ന് വർഷങ്ങൾക്കു മുമ്പ് കുറുപ്പ് മരിച്ചിരിക്കാമെന്ന് അന്വേഷണ സംഘത്തിന്റെ നിഗമനം. വൈകാതെ അന്തിമ റിപ്പോർട്ട് നൽകി അന്വേഷണം അവസാനിപ്പിക്കാനാണ് ആലോചന.
പുതിയ അന്വേഷണസംഘം ക്രൈംബ്രാഞ്ച് മേധാവിക്ക് ഉടൻ റിപ്പോർട്ട് നൽകും. ഉന്നത ആലോചനയ്ക്ക് ശേഷമാണ് അന്വേഷണം അവസാനിപ്പിക്കാൻ തീരുമാനമാകുക. തീരുമാനമാകാത്ത കേസുകൾ തീർപ്പാക്കുന്നതിന്‍റെ ഭാഗമായി മൂന്നു മാസം മുൻപാണ് സുകുമാരക്കുറുപ്പിൻ്റെ ഫയൽ പോലീസ് വീണ്ടും തുറന്നത്.
സുകുമാരക്കുറുപ്പിനെ കണ്ടു എന്നു പറഞ്ഞ ആലപ്പുഴ സ്വദേശി രത്നമ്മ അടക്കം ചില സാക്ഷികളുടെ മൊഴി അന്വേഷണ സംഘം എടുത്തിരുന്നു. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടെന്ന നിഗമനത്തിൽ എത്തിയത്.
കൊലയ്ക്ക് ശേഷം സ്ഥലം വിട്ട കുറുപ്പിനെ കണ്ട ഏക മലയാളി ഝാർഖണ്ഡിൽ നഴ്സായിരുന്ന രത്നമ്മയായിരുന്നു. ആ സമയത്ത് ഹൃദ്രോഗിയായിരുന്നു സുകുമാരക്കുറുപ്പെന്നാണ് വെളിപ്പെടുത്തൽ. രത്നമ്മ കുറുപ്പിനെ കണ്ടു എന്ന് പറയുന്ന സമയത്ത് അയാളുടെ പ്രായവും രോഗവും വെച്ച് നോക്കിയാൽ ഇത്രയും കാലം അയാൾ ജീവിച്ചിരിക്കാൻ സാധ്യത വളര കുറവാണ് എന്ന വിലയിരുത്തിലിലാണ് അന്വേഷണ സംഘം. തുടർന്നാണ് ഇനി കേസിൽ തുടർ നടപടി വേണ്ടന്ന നിഗമനത്തിൽ എത്തിയത്.











