തിരുവനന്തപുരം: നേപ്പാളിലെ പ്രളയബാധിത പ്രദേശങ്ങളിൽ കുടുങ്ങിക്കിടക്കുന്ന മലയാളികളിൽ 53 പേരെ കുറിച്ച് വിവരം ലഭിച്ചതായി നോർക്ക. എല്ലാവരുമായും നേരിട്ട് ബന്ധപ്പെടാൻ സാധിച്ചിട്ടില്ലെങ്കിലും സുരക്ഷിതരാണെന്ന വിവരമാണ് ലഭിക്കുന്നതെന്ന് നോർക്ക സിഇഒ രാജേഷ് മാധവൻ പറഞ്ഞു. കാഞ്ഞങ്ങാട് നിന്ന് പോയ 36 അംഗ സംഘം, ചിത് വാൻ ജില്ലയിലെ ഹോട്ടലിൽ എത്തിയിട്ടുണ്ട്.
നേപ്പാളിൽ കുടുങ്ങിയ മലയാളികളെ കണ്ടെത്തുന്നതിന് മുഖ്യമന്ത്രിയുടെ ഓഫീസ് , ദുരന്ത നിവാരണ അതോറിറ്റി, നോർക്ക എന്നിവിടങ്ങളിലെ ഉദ്യോഗസ്ഥർ ഏകോപനത്തോടെയുള്ള പ്രവർത്തനങ്ങളാണ് നടത്തുന്നത്. 17 ഇടങ്ങളിൽ നിന്നാണ് കേരളത്തിൽ നിന്ന് പോയവരെ കുറിച്ച് കഴിഞ്ഞ മണിക്കൂറുകളിൽ വിവരം ലഭിച്ചത്. അങ്ങനെയാണ് നേപ്പാളിൽ ഉള്ള ആളുകളുമായി സംസാരിച്ചത്. സ്ത്രീകളും കുട്ടികളും അടക്കം 53 പേർ ഇപ്പോഴും പ്രളയബാധിത പ്രദേശങ്ങളിൽ ഉണ്ട്. ഇവരുമായി സർക്കാരിന്റെ പ്രതിനിധികൾ സംസാരിക്കുന്നുണ്ട്. വൈകാതെ തന്നെ സുരക്ഷിത ഇടങ്ങളിലേക്ക് ഇവരെ മാറ്റാനാണ് ശ്രമമെന്നും സിഇഒ വ്യക്തമാക്കി.


