തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പോലീസിന്റെ ഓപ്പറേഷൻ തൂഫാൻ നടപടികളുടെ ഭാഗമായി സംസ്ഥാന വ്യാപകമായി നടത്തിയ പരിശോധനയിൽ 27 കേസുകളിലായി 30 പേർ കൂടി അറസ്റ്റിലായി. ഇതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 9,733 ആയി. ആകെ 10,497 പേരാണ് ഇതുവരെ അറസ്റ്റിലായത്.
പരിശോധനകളുടെ ഭാഗമായി ഇതുവരെ 8,517.479 ഗ്രാം എം.ഡി.എം.എയും 1,099.430 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തതായി പോലീസ് അറിയിച്ചു.
കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി ലഹരിവസ്തുക്കൾ കൈവശം വച്ചതിന് ഒൻപത് കേസുകളും മീഡിയം ക്വാണ്ടിറ്റിക്ക് ഒരു കേസും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിക്ക് മൂന്ന് കേസുകളും ഉൾപ്പെടുന്നു. കൂടാതെ എൻ.ഡി.പി.എസ് ആക്ട് പ്രകാരം 14 കേസുകളും കോട്പ നിയമപ്രകാരം 15 കേസുകളും രജിസ്റ്റർ ചെയ്തു. കേസുകളിൽ നിന്ന് 73.130 ഗ്രാം എം.ഡി.എം.എയും 0.026 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തു.
ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളും പോലീസ് ശക്തമാക്കിയിട്ടുണ്ട്. ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി ഇന്നലെ മാത്രം സംസ്ഥാനത്തുടനീളം അഞ്ച് ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതോടെ ഇതുവരെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 9,353 ആയി. 602 കൗൺസിലിങ്ങുകളും ഇതിനകം നടത്തിയിട്ടുണ്ട്.
സ്കൂൾ, കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ ഇതുവരെ 6,636 ബോധവത്കരണ പരിപാടികളും സംഘടിപ്പിച്ചു.
ലഹരി വിൽപ്പനയുമായി ബന്ധപ്പെട്ട വിവരങ്ങൾ പൊതുജനങ്ങൾക്ക് പോലീസിനെ അറിയിക്കാം. ഇതിനായി 9497979794, 9497927797 എന്നീ ഫോൺ നമ്പറുകളിലും 9995966666 എന്ന വാട്സ്ആപ്പ് നമ്പറിലും വിവരങ്ങൾ കൈമാറാം. വിവരങ്ങൾ നൽകുന്നവരുടെ വ്യക്തിവിവരങ്ങൾ രഹസ്യമായി സൂക്ഷിക്കുമെന്ന് പോലീസ് അറിയിച്ചു.


