കാഠ്മണ്ഡു: മിന്നൽ പ്രളയം വ്യാപക നാശം വിതച്ച നേപ്പാളിൽ മരണസംഖ്യ 469 ആയി ഉയർന്നു. രക്ഷാപ്രവർത്തനത്തിനായി വിദേശ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും വാഗ്ദാനം ചെയ്ത സഹായം നേപ്പാൾ ഭരണകൂടം നിരസിച്ചു. സാഹചര്യം നേരിടാൻ രാജ്യത്തെ സുരക്ഷാ ഏജൻസികൾ തന്നെ പര്യാപ്തമാണെന്ന വിലയിരുത്തലിന്റെ അടിസ്ഥാനത്തിലാണ് തീരുമാനമെന്ന് അധികൃതർ അറിയിച്ചു.
ചൈന ഉൾപ്പെടെയുള്ള വിവിധ രാജ്യങ്ങളും അന്താരാഷ്ട്ര സംഘടനകളും രക്ഷാപ്രവർത്തക സംഘങ്ങളെ അയയ്ക്കാൻ സന്നദ്ധത അറിയിച്ച് നേപ്പാൾ വിദേശകാര്യ മന്ത്രാലയത്തെ സമീപിച്ചിരുന്നു. എന്നാൽ രാജ്യത്തെ സുരക്ഷാ ഏജൻസികളുടെ നേതൃത്വത്തിൽ തന്നെ രക്ഷാപ്രവർത്തനം തുടരാനാണ് സർക്കാരിന്റെ തീരുമാനം.
മുൻ ദുരന്തങ്ങളിലെ അനുഭവങ്ങളുടെ പശ്ചാത്തലത്തിലാണ് വിദേശ രക്ഷാപ്രവർത്തക സംഘങ്ങളുടെ സഹായം ഇപ്പോൾ വേണ്ടെന്ന നിലപാട് സ്വീകരിച്ചതെന്നാണ് റിപ്പോർട്ട്. 2015ലെ ഭൂകമ്പത്തിന് പിന്നാലെ നിരവധി വിദേശ രക്ഷാപ്രവർത്തക സംഘങ്ങൾ നേപ്പാളിലെത്തിയിരുന്നു. ഇതുമൂലം രക്ഷാപ്രവർത്തനങ്ങളുടെ ഏകോപനത്തിൽ ബുദ്ധിമുട്ടുകൾ നേരിട്ടതായി അധികൃതർ ചൂണ്ടിക്കാട്ടുന്നു.
അതേസമയം, പുനരധിവാസ-പുനർനിർമാണ ഘട്ടങ്ങളിൽ അന്താരാഷ്ട്ര സമൂഹത്തിന്റെ കൂടുതൽ പിന്തുണ തേടാനാണ് നേപ്പാൾ ഭരണകൂടത്തിന്റെ തീരുമാനം.
നേപ്പാൾ പൊലീസിന്റെ കണക്കുകൾ പ്രകാരം 1,545 പേരെ ഇതിനകം രക്ഷപ്പെടുത്തി. ആയിരത്തോളം പേരെ ഇനിയും കണ്ടെത്താനുണ്ടെന്നാണ് വിവരം. രക്ഷാപ്രവർത്തനങ്ങൾക്കായി 4,348 പൊലീസ് ഉദ്യോഗസ്ഥരെയാണ് വിന്യസിച്ചിരിക്കുന്നത്.
മിന്നൽ പ്രളയത്തെ തുടർന്ന് നിരവധി പ്രദേശങ്ങളിൽ വ്യാപക നാശനഷ്ടമാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. കാണാതായവർക്കായുള്ള തിരച്ചിലും രക്ഷാപ്രവർത്തനവും തുടരുകയാണ്.


