തൃശൂർ: സുകുമാരക്കുറുപ്പിന്റേതെന്ന് സംശയിച്ച് പ്രചരിക്കുന്ന ഫോട്ടോ ദാമോദര മേനോന്റേതാണെന്ന് ബന്ധുക്കൾ സ്ഥിരീകരിച്ചു. ബ്രൂണൈയിൽ സുകുമാരക്കുറുപ്പ് വ്യാജപേരിൽ കഴിയുന്നുവെന്ന വാർത്തകൾക്കൊപ്പമാണ് കഴിഞ്ഞ ദിവസം ചിത്രം പ്രചരിച്ചത്.
ചിത്രത്തിലുള്ളത് സുകുമാരക്കുറുപ്പാണെന്ന് അവകാശപ്പെട്ടിരുന്നെങ്കിലും, ഫോട്ടോയും കുറുപ്പിന്റേതെന്ന് സംശയിച്ച് പൊലീസ് ശേഖരിച്ച പാസ്‌പോർട്ടും തൃശൂർ വടക്കാഞ്ചേരി സ്വദേശിയായ ദാമോദര മേനോന്റേതാണെന്ന് ബന്ധുക്കൾ വ്യക്തമാക്കി. ദാമോദര മേനോന്റെ സഹോദരൻ കരുണാകരനാണ് ഇക്കാര്യം സ്ഥിരീകരിച്ചത്.
40 വർഷം മുമ്പാണ് ദാമോദര മേനോൻ മലേഷ്യയിലേക്ക് പോയതെന്നാണ് കുടുംബത്തിന്റെ വിശദീകരണം. അവിടെവെച്ച് പാലക്കാട് സ്വദേശിനിയെ വിവാഹം കഴിച്ചു. ദമ്പതികൾക്ക് രണ്ട് മക്കളുണ്ട്.
നിലവിൽ അപകടത്തിൽപ്പെട്ട് ചികിത്സയിൽ കഴിയുകയാണ് ദാമോദര മേനോൻ. നാട്ടിലെ കുടുംബാംഗങ്ങളുമായി നിരന്തരം ബന്ധപ്പെടാറുണ്ടെന്നും ഒരു മാസം മുമ്പും വീട്ടിലേക്ക് വിളിച്ചിരുന്നതായും സഹോദരൻ പറഞ്ഞു.
ഇതോടെ സുകുമാരക്കുറുപ്പിനെക്കുറിച്ച് പുറത്തുവന്ന പുതിയ വിവരങ്ങളിൽ വീണ്ടും സംശയങ്ങൾ ഉയരുകയാണ്. പ്രചരിച്ച ഫോട്ടോയുടെയും പാസ്‌പോർട്ടിന്റെയും യഥാർഥ ഉടമയെ സംബന്ധിച്ച കാര്യത്തിൽ കുടുംബം നൽകിയ സ്ഥിരീകരണം അന്വേഷണത്തിൽ നിർണായകമാകും.


