തിരുവനന്തപുരം: പ്രതിപക്ഷ ഉപനേതാവ് പദവിയിൽ പിണറായി വിജയൻ പറഞ്ഞതിന് വിഭിന്നമായ അഭിപ്രായവുമായി എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ. വിഷയത്തിൽ തീരുമാനമായിട്ടില്ലെന്നും സിപിഐയുമായി ചർച്ചയുണ്ടാകുമെന്നുമാണ് ടി പി രാമകൃഷ്ണൻ പറഞ്ഞത്. നിവലിൽ ഉണ്ടായിരിക്കുന്ന അഭിപ്രായ ഭിന്നതകൾ ചർച്ച ചെയ്ത് പരിഹരിക്കുമെന്നും എൽഡിഎഫ് കൺവീനർ വ്യക്തമാക്കി. ഉപനേതാവ് പദവിയുമായി ബന്ധപ്പെട്ട് ഇനി ചർച്ചയില്ല എന്ന പ്രതിപക്ഷ നേതാവ് പിണറായി വിജയൻ്റെ നിലപാടിന് വിരുദ്ധമായ നിലപാടാണ് ഈ വിഷയത്തിൽ ടി പി രാമകൃഷ്ണൻ സ്വീകരിച്ചിരിക്കുന്നത്.
നേതാക്കൾ പ്രസ്താവനകളിൽ മിതത്വം പാലിക്കണമെന്നും എൽഡിഎഫ് കൺവീനർ ടി പി രാമകൃഷ്ണൻ നിർദ്ദേശിച്ചു. പ്രശ്നങ്ങൾ ചർച്ചയിലൂടെയാണ് പരിഹരിക്കേണ്ടത്. അതിനുള്ള ശ്രമങ്ങൾ തുടരുകയാണ്. പിണറായി വിജയൻ്റെ പരാമർശം മുൻപുണ്ടായ തീരുമാനത്തിന്റെ അടിസ്ഥാനത്തിൽ വന്നതാണെന്നും ചോദ്യത്തിന് ഉത്തരമായി ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. പ്രതിപക്ഷ നേതൃപദവിയുമായി ബന്ധപ്പെട്ട് സിപിഐഎമ്മിന്റെ നിലപാട് പറയേണ്ടത് സംസ്ഥാന സെക്രട്ടറിയാണെന്നും ടി പി രാകൃഷ്ണൻ പറഞ്ഞു. മുന്നണിയിൽ പല കാര്യങ്ങളിലും വ്യത്യസ്ത അഭിപ്രായങ്ങൾ ഉണ്ടാകും പ്രശ്നങ്ങൾ കൂട്ടായി ചർച്ചചെയ്ത് പരിഹരിക്കുമെന്നും ടി പി രാമകൃഷ്ണൻ വ്യക്തമാക്കി. സി ദിവാകരന്റെ വിമർശനം അദ്ദേഹത്തിൻറെ അഭിപ്രായമാകാമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.











