കോഴിക്കോട്: നാദാപുരത്ത് മൊബൈൽ ഫോൺ കടയുടെ ഷട്ടർ തകർത്ത് വൻ കവർച്ച. വില്യാപ്പള്ളി സ്വദേശി റിയാസിന്റെ ഉടമസ്ഥതയിലുള്ള Apple Pro Mobile എന്ന കടയിൽ നിന്നാണ് ഏകദേശം ഒരു കോടി രൂപ വിലവരുന്ന 92 ഐഫോണുകൾ മോഷണം പോയത്.
വെള്ളിയാഴ്ച രാത്രി 10.30ഓടെ കട പൂട്ടിയിരുന്നു. ശനിയാഴ്ച രാവിലെ കട തുറക്കാനെത്തിയപ്പോഴാണ് മോഷണം നടന്നതായി ജീവനക്കാരുടെ ശ്രദ്ധയിൽപ്പെട്ടത്. ഓണം സെയിലിനായി കടയിലെത്തിച്ച ഫോണുകളാണ് മോഷ്ടാക്കൾ കവർന്നത്.
വിവരമറിയിച്ചതിനെ തുടർന്ന് നാദാപുരം പൊലീസ് സ്ഥലത്തെത്തി പരിശോധന നടത്തി. വിരലടയാള വിദഗ്ധരും ഡോഗ് സ്ക്വാഡും കടയിൽ പരിശോധന നടത്തി. മോഷ്ടാക്കളുടേതെന്ന് സംശയിക്കുന്ന സിസിടിവി ദൃശ്യങ്ങളും പൊലീസ് പരിശോധിച്ചുവരികയാണ്.
മോട്ടോർ ബൈക്കിൽ രണ്ട് പേർ കടയുടെ പരിസരത്ത് കറങ്ങിനടക്കുന്നതിന്റെ ദൃശ്യങ്ങൾ പൊലീസിന് ലഭിച്ചിട്ടുണ്ട്. കടയിലെ സിസിടിവി ക്യാമറകൾ തിരിച്ചുവച്ച നിലയിലായിരുന്നു. അതേസമയം, കടയിൽ സൂക്ഷിച്ചിരുന്ന പണം നഷ്ടപ്പെട്ടിട്ടില്ലെന്നാണ് വിവരം.
മോഷ്ടാക്കളെ കണ്ടെത്തുന്നതിനായി പൊലീസ് അന്വേഷണം ഊർജിതമാക്കി.


