കാഠ്മണ്ഡു: ടിബറ്റ് അതിർത്തി മേഖലയിലുണ്ടായ കനത്ത പ്രളയത്തിൽ വിറങ്ങലിച്ച് നേപ്പാൾ. കനത്ത മഴയും മൂടൽമഞ്ഞും തുടരുന്നതിനാൽ ശനിയാഴ്ച തിരച്ചിൽ, രക്ഷാപ്രവർത്തനങ്ങൾ താൽക്കാലികമായി നിർത്തിവെച്ചു. നേപ്പാളിലും ചൈനയുടെ നിയന്ത്രണത്തിലുള്ള ടിബറ്റ് മേഖലയിലുമായി ഏകദേശം 3,000 പേരെയാണ് ഇനിയും കണ്ടെത്താനുള്ളത്. കാണാതായവരിൽ ഇന്ത്യയിൽ നിന്നുള്ള ഹൈന്ദവ തീർത്ഥാടകരടക്കം 540-ലധികം വിദേശ പൗരന്മാരുണ്ടെന്നാണ് റിപ്പോർട്ട്.
പ്രളയക്കെടുതിയിൽ ഇതുവരെ 600-ലധികം പേർ മരിച്ചതായാണ് റിപ്പോർട്ട്. നേപ്പാളിലെ രസുവ ജില്ലയിലാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായത്. ഇവിടെ രക്ഷപ്പെടുത്തിയ തീർത്ഥാടകരെ റോഡ് മാർഗം കാഠ്മണ്ഡുവിലെത്തിക്കാനാണ് ഭരണകൂടം മുൻഗണന നൽകുന്നത്.
ദുരന്തം നടന്ന് ദിവസങ്ങൾ പിന്നിട്ടതോടെ കണ്ടെത്തുന്ന മൃതദേഹങ്ങളിൽ പലതും തിരിച്ചറിയാനാകാത്ത നിലയിലാണ്. പകർച്ചവ്യാധി ഭീഷണി കണക്കിലെടുത്ത് മൃതദേഹങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ചശേഷം തുറസ്സായ സ്ഥലങ്ങളിൽ സംസ്കരിക്കാനാണ് ജില്ലാ ഭരണകൂടങ്ങളുടെ തീരുമാനം. പ്രിയപ്പെട്ടവരെ തിരിച്ചറിയുന്നതിനായി നിരവധി കുടുംബങ്ങൾ കാഠ്മണ്ഡുവിലെ മഹാരാജ്ഗഞ്ച് മെഡിക്കൽ കാമ്പസിൽ കാത്തുനിൽക്കുകയാണ്.
പ്രളയത്തിൽ തകർന്ന അടിസ്ഥാന സൗകര്യങ്ങൾ പുനർനിർമിക്കുന്നതിനും ദുരന്തനാശനഷ്ടങ്ങൾ പരിഹരിക്കുന്നതിനുമായി 400 മുതൽ 500 കോടി ഡോളർ വരെ ആവശ്യമാകുമെന്ന് നേപ്പാൾ ധനകാര്യ മന്ത്രി സ്വർണിം വാഗ്ലെ വ്യക്തമാക്കി.
അതിർത്തിയിൽ രൂപപ്പെട്ട തടാകങ്ങൾ കരകവിഞ്ഞൊഴുകിയതും രക്ഷാപ്രവർത്തനത്തെ സാരമായി ബാധിച്ചിരുന്നു. എന്നാൽ ശനിയാഴ്ചയോടെ തടാകത്തിലെ ജലനിരപ്പ് കുറഞ്ഞതായി ചൈനീസ് ഔദ്യോഗിക മാധ്യമമായ സിസിടിവി റിപ്പോർട്ട് ചെയ്തു. മലമുകളിലെ രണ്ട് തടാകങ്ങളിലെയും വെള്ളം പൂർണമായി ഒഴുകിപ്പോകുന്നതുവരെ പ്രളയസാധ്യത നിലനിൽക്കുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി.
തുരങ്കങ്ങളിൽ കുടുങ്ങിയവരെ രക്ഷപ്പെടുത്തൽ, തകർന്ന പാലങ്ങൾക്ക് പകരം ഗതാഗത-വാർത്താവിനിമയ സംവിധാനങ്ങൾ പുനഃസ്ഥാപിക്കൽ, മൃതദേഹങ്ങൾ സംരക്ഷിക്കൽ, ഡിഎൻഎ പരിശോധന എന്നിവയ്ക്കായി അടിയന്തര സാങ്കേതിക സഹായം ആവശ്യമാണെന്ന് നേപ്പാൾ വിദേശകാര്യ മന്ത്രി ശിശിർ ഖനാൽ അറിയിച്ചു.
ദുരന്തബാധിതർക്കായി ഇന്ത്യ 60 ടൺ അവശ്യസാധനങ്ങളുമായി മൂന്ന് വിമാനങ്ങൾ നേപ്പാളിലേക്ക് അയച്ചു. പുതപ്പുകൾ, മരുന്നുകൾ, ഭക്ഷ്യവസ്തുക്കൾ എന്നിവയ്ക്കൊപ്പം ടണൽ റെസ്ക്യൂ ടീം, മെഡിക്കൽ സംഘം, താൽക്കാലിക പാലങ്ങൾ നിർമിക്കുന്നതിനുള്ള എൻജിനീയറിങ് വിദഗ്ധർ എന്നിവരുടെ സേവനവും ഇന്ത്യ ഉറപ്പാക്കിയിട്ടുണ്ട്.
അതേസമയം, പ്രളയബാധിത മേഖലകളിലേക്ക് അടിയന്തര സഹായം എത്തിക്കുന്നതിനും രാജ്യാന്തര രക്ഷാപ്രവർത്തനത്തിൽ സഹകരിക്കുന്നതിനും ചൈനയും മുന്നിട്ടിറങ്ങി. തകർന്ന റോഡുകൾ കാരണം ദുർഘടമായ വഴികളിലൂടെയാണ് ചൈനീസ് രക്ഷാപ്രവർത്തകർ ദുരന്തമേഖലയിൽ എത്തുന്നത്. കാണാതായവർക്കായി നേപ്പാളിലെയും ചൈനയിലെയും സൈന്യവും സുരക്ഷാസേനകളും തിരച്ചിൽ തുടരുകയാണ്.


