കോഴിക്കോട്: അതിഥി തൊഴിലാളികൾ താമസിക്കുന്ന വാടക ക്വാർട്ടേഴ്‌സിൽ നിന്ന് മലിനജലം പുറത്തേക്ക് ഒഴുക്കിവിട്ട സംഭവത്തിൽ 50,000 രൂപ പിഴ ചുമത്തി പഞ്ചായത്ത് അധികൃതർ. നാദാപുരം കക്കംവെള്ളിയിലാണ് സംഭവം.
ആരോഗ്യ വിഭാഗം അധികൃതരും പഞ്ചായത്ത് അധികൃതരും നടത്തിയ പരിശോധനയിലാണ് മലിനജലം പുറത്തേക്ക് ഒഴുക്കിവിടുന്നതും മാലിന്യങ്ങൾ അലക്ഷ്യമായി കൈകാര്യം ചെയ്യുന്നതും കണ്ടെത്തിയത്. തുടർന്ന് ക്വാർട്ടേഴ്‌സ് ഉടമയ്ക്കാണ് പിഴ ചുമത്തിയത്.
ക്വാർട്ടേഴ്‌സിന് ചുറ്റും മലിനജലം ഒഴുകുന്ന നിലയിലായിരുന്നു. ഭക്ഷണാവശിഷ്ടങ്ങളും പ്ലാസ്റ്റിക് മാലിന്യങ്ങളും അലക്ഷ്യമായി വലിച്ചെറിഞ്ഞതായും പരിശോധനയിൽ കണ്ടെത്തി. ശാസ്ത്രീയമായ മാലിന്യസംസ്‌കരണ സംവിധാനം ഒരുക്കുന്നതുവരെ ക്വാർട്ടേഴ്‌സ് അടച്ചിടാനും അധികൃതർ നിർദേശം നൽകി. നാദാപുരം ഗവ. ആശുപത്രി സൂപ്രണ്ട് രഞ്ജിത്ത്, ഹെൽത്ത് ഇൻസ്‌പെക്ടർ എ.ടി. മൊയ്തി, പഞ്ചായത്ത് ഹെൽത്ത് ഇൻസ്‌പെക്ടർ സീന എന്നിവർ പരിശോധനയിൽ പങ്കെടുത്തു.



