ഓണ റിലീസായി എത്തിയ ബെത്‌ലഹേം കുടുംബ യൂണിറ്റ് ബോക്സോഫീസിൽ കുതിപ്പ് തുടരുന്നു. ബോക്‌സ് ഓഫീസ് ട്രാക്കിംഗ് സൈറ്റായ സാക്നിൽക്കിന്റെ കണക്കുകൾ പ്രകാരം റിലീസ് ചെയ്ത് 9 ദിവസങ്ങൾക്കുള്ളിൽ ചിത്രത്തിന്റെ കണക്ക് 171 കോടി രൂപ കടന്നു. ഇന്ത്യയിൽ നിന്നും ചിത്രം വാരിയത് 84 കോടി രൂപയാണ്.
വിദേശ വിപണിയിൽ നിന്നും 87.50 കോടി രൂപയാണ് ചിത്രത്തിന്റെ കളക്ഷൻ. അഭ്യന്തര വിദേശ വിപണികളിലെ കണക്കുകൾ സംയോജിപ്പിക്കുമ്പോൾ ആഗോളതലത്തിൽ ചിത്രം 171.50 കോടി രൂപ നേടി. നൂറുകോടി ക്ലബിൽ പ്രവേശിക്കുന്ന ഗിരീഷ് എ.ഡി.സംവിധാനം ചെയ്ത രണ്ടാമത്തെ ചിത്രമാണ് ബെത്‌ലഹേം കുടുംബ യൂണിറ്റ്. നിവിൻ പോളിയും മമിതാ ബൈജവും കേന്ദ്ര കഥാപാത്രത്തെ അവതരിപ്പിക്കുന്ന ചിത്രം ഭാവന സ്റ്റുഡിയോസിന്റെ ബാനറിൽ ഫഹദ് ഫാസിൽ, ദിലീഷ് പോത്തൻ, ശ്യാം പുഷ്കരൻ എന്നിവർ ചേർന്നാണ് നിർമ്മിക്കുന്നത്.


