ബെംഗളൂരു: ഇന്ത്യൻ ആഭ്യന്തര ക്രിക്കറ്റിൽ ചരിത്രനേട്ടവുമായി 15കാരനായ വൈഭവ് സൂര്യവംശി. ബെംഗളൂരുവിൽ നടക്കുന്ന ദുലീപ് ട്രോഫി സെമിഫൈനലിൽ സെൻട്രൽ സോണിനെതിരെ ഈസ്റ്റ് സോൺ ടീമിന്റെ ക്യാപ്റ്റനായി വൈഭവ് ചുമതലയേറ്റു.
ടൂർണമെന്റിന് മുന്നോടിയായി വൈസ് ക്യാപ്റ്റനായി നിയമിതനായ വൈഭവിന്, ക്യാപ്റ്റൻ ഇഷാൻ കിഷന് പരിക്കേറ്റതോടെയാണ് ടീമിനെ നയിക്കാനുള്ള അവസരം ലഭിച്ചത്. വിക്കറ്റ് കീപ്പിംഗിനിടെ ഇഷാൻ കിഷന്റെ വലത് കൈത്തണ്ടയ്ക്ക് പരിക്കേറ്റതിനെ തുടർന്നാണ് താരം കളം വിട്ടത്.
സെൻട്രൽ സോണിന്റെ ഒന്നാം ഇന്നിങ്സിലെ 19-ാം ഓവറിലായിരുന്നു സംഭവം. ഫിസിയോയുടെ പ്രാഥമിക പരിശോധനയ്ക്ക് ശേഷം ഇഷാൻ കിഷൻ കളം വിട്ടു. പിന്നീട് കൈത്തണ്ടയിൽ ബാൻഡേജ് ധരിച്ച നിലയിലും താരത്തെ കാണാമായിരുന്നു. തുടർന്ന് കുമാർ കുശാഗ്ര വിക്കറ്റ് കീപ്പറുടെ ചുമതല ഏറ്റെടുത്തു.
ഇഷാൻ കിഷൻ പുറത്തായതോടെ ക്യാപ്റ്റൻ സ്ഥാനത്തേക്ക് വൈഭവ് സൂര്യവംശിയെ പരിഗണിക്കുകയായിരുന്നു. ഇതോടെ സീനിയർ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ ഇത്രയും കുറഞ്ഞ പ്രായത്തിൽ ഒരു ടീമിനെ നയിക്കുന്ന താരമെന്ന ശ്രദ്ധേയ നേട്ടമാണ് വൈഭവിന് സ്വന്തമായത്.
2024ന്റെ തുടക്കത്തിൽ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിൽ അരങ്ങേറ്റം കുറിച്ച വൈഭവ്, തന്റെ പത്താം ഫസ്റ്റ് ക്ലാസ് മത്സരത്തിലാണ് ഇപ്പോൾ കളിക്കുന്നത്. മുഹമ്മദ് ഷമി, മുകേഷ് കുമാർ, അഭിമന്യു ഈശ്വരൻ തുടങ്ങിയ അന്താരാഷ്ട്ര താരങ്ങൾ ഉൾപ്പെടുന്ന ഈസ്റ്റ് സോൺ ടീമിനെയാണ് 15കാരൻ നയിക്കുന്നത്.
മത്സരത്തിൽ ഈസ്റ്റ് സോൺ മികച്ച പ്രകടനം തുടരുകയാണ്. ഉച്ചഭക്ഷണത്തിന് പിരിയുമ്പോൾ സെൻട്രൽ സോണിനെ 81 റൺസിന് മൂന്ന് വിക്കറ്റ് എന്ന നിലയിലേക്ക് ഈസ്റ്റ് സോൺ തളച്ചിരുന്നു.


