ഇംഫാൽ: മണിപ്പൂരിലെ നൊനെ ജില്ലയിൽ സായുധ സംഘങ്ങൾ തമ്മിലുണ്ടായ ഏറ്റുമുട്ടലിൽ ഒരാൾ കൊല്ലപ്പെടുകയും ആറ് പേർക്ക് പരിക്കേൽക്കുകയും ചെയ്തു. ജംഗൈലിംഗ് ഗോൺമെയ് ആണ് കൊല്ലപ്പെട്ടത്.
ശനിയാഴ്ച പുലർച്ചെ അഞ്ചുമണിയോടെയാണ് കമങ് ലുങ്പാൻ മേഖലയിൽ രണ്ട് വിഭാഗങ്ങൾ തമ്മിൽ വെടിവെയ്പ്പുണ്ടായത്. സെലിയാൻഗ്രോങ് യുണൈറ്റഡ് ഫ്രണ്ടിന്റെ ഉപവിഭാഗങ്ങൾ തമ്മിലുള്ള ആഭ്യന്തര തർക്കമാണ് ഏറ്റുമുട്ടലിന് കാരണമെന്നാണ് റിപ്പോർട്ട്. പ്രദേശത്തെ സ്വാധീനം സംബന്ധിച്ച തർക്കങ്ങൾ സംഘടനയ്ക്കുള്ളിൽ നേരത്തെ തന്നെ നിലനിന്നിരുന്നതായാണ് വിവരം.
പരിക്കേറ്റവരിൽ ഗുരുതരമായി പരിക്കേറ്റ അഞ്ച് പേരെ ഇംഫാലിലെ ജവഹർലാൽ നെഹ്‌റു ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് മെഡിക്കൽ സയൻസസിൽ പ്രവേശിപ്പിച്ചു. ഇവരുടെ ആരോഗ്യനില നിലവിൽ ഗുരുതരമല്ലെന്ന് ആശുപത്രി അധികൃതരും പൊലീസും അറിയിച്ചു. സംഭവത്തെ തുടർന്ന് മണിപ്പൂർ പോലീസും സുരക്ഷാസേനയും സ്ഥലത്തെത്തി പരിശോധന ശക്തമാക്കി. അക്രമത്തിൽ പങ്കെടുത്തവരെ കണ്ടെത്തുന്നതിനായി മേഖലയിൽ തിരച്ചിൽ തുടരുകയാണ്. മണിപ്പൂരിൽ നേരത്തെ തന്നെ നിലനിൽക്കുന്ന വംശീയ-സായുധ സംഘർഷങ്ങൾക്കിടെ സായുധ സംഘടനകൾ തമ്മിലുള്ള ആഭ്യന്തര ഏറ്റുമുട്ടലുകളും ഉണ്ടാകുന്നത് ആശങ്ക ഉയർത്തുന്നുണ്ട്.


