Whiteswan Tv - News
Sunday, Feb 22, 2026
സധൈര്യം ജനങ്ങൾക്കൊപ്പം
Marketing Ad Your Brand
Here
Join Now

ലീ​ഗിന് പിന്നാലെ എരിതീയിൽ എണ്ണയൊഴിച്ച് അടൂർ പ്രകാശും; പോര് മുറുക്കി CPIയും CPMഉം, മുന്നണി മാറ്റ സാധ്യതകൾ യാഥാർത്ഥ്യമാകുമോ? ബിനോയ് വിശ്വം മറുപടി പറയണം

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo. Aliquam non leo id magna vulputate dapibus. Curabitur a porta metus. In viverra ipsum nec vehicula pharetra. Proin egestas nulla velit, id faucibus mi ultrices et.

സംസ്ഥാന രാഷ്ട്രീയത്തില്‍ നിര്‍ണായക വഴിത്തിരിവാകാന്‍ പോകുന്ന രാഷ്ട്രീയ നീക്കങ്ങള്‍ക്ക് വഴിമരുന്നിട്ട്, കഴിഞ്ഞ ദിവസം മുസ്ലീം ലീ​ഗ് സിപിഐയെ യുഡിഎഫിലേക്ക് ക്ഷണിക്കുന്ന തരത്തിലുള്ള പ്രസ്താവനകൾ നടത്തിയിരുന്നു. കെപിഎ മജീദിന്റെ ചന്ദ്രികയിലെ ലേഖനത്തിലൂടെ തുടങ്ങിയ ആ ചർച്ചകൾ പിന്നീട് പികെ കുഞ്ഞാലിക്കുട്ടിയും പിഎംഎ സലാമും കടന്ന് ഇപ്പോഴിതാ യുഡിഎഫ് കൺവീനർ അടൂർ പ്രകാശിൽ വരെ എത്തി നിൽക്കുകയാണ്.

സിപിഎമ്മുമായി നിലനിൽക്കുന്ന തർക്കങ്ങൾ പുതിയ തലത്തിലേക്ക് കടന്നിരിക്കെ സിപിഐയെ യുഡിഎഫിലേക്ക് സ്വാഗതം ചെയ്ത് പ്രതിപക്ഷ മുന്നണി നേതൃത്വം തന്നെയാണ് ഇപ്പോൾ രം​ഗത്ത് വന്നിരിക്കുന്നത്. പ്രതിപക്ഷ ഉപനേതൃസ്ഥാനത്തെച്ചൊല്ലി സിപിഎമ്മും സിപിഐയും തമ്മില്‍ നിലനില്‍ക്കുന്ന പരസ്യപ്പോര് രൂക്ഷമായിരിക്കെയാണ്, എരിതീയിൽ എണ്ണയൊഴിച്ച് കോണ്‍ഗ്രസും യുഡിഎഫും നേരിട്ട് രംഗത്തിറങ്ങിയിരിക്കുന്നത്. മുസ്ലിം ലീഗ് വിഷയത്തില്‍ നിലപാട് വ്യക്തമാക്കിയതിന് പിന്നാലെ കോണ്‍ഗ്രസ് നേതൃത്വം നേരിട്ട് ഇടപെടലുകള്‍ നടത്തുന്നത് സിപിഎമ്മിനെയാണോ സിപിഐയെയാണോ പ്രതിസന്ധിയിലാക്കിയിരിക്കുന്നതെന്നതാണ് പ്രസക്തമായ ചോദ്യം.

യുഡിഎഫ് കണ്‍വീനര്‍ അടൂര്‍ പ്രകാശ് തന്നെയാണ് സിപിഐയെ മുന്നണിയിലേക്ക് പരസ്യമായി ക്ഷണിച്ചുകൊണ്ട് രണ്ട് ദിവസമായി തുടരുന്ന രാഷ്ട്രീയ ചര്‍ച്ചകള്‍ക്ക് പുതിയ മാനം നൽകിയിരിക്കുന്നത്. എല്‍ഡിഎഫില്‍ അര്‍ഹമായ പരിഗണന ലഭിക്കാതെ എത്രകാലം തുടരുമെന്ന് കണ്ടറിയണമെന്ന് അദ്ദേഹം തുറന്നടിച്ചു. മുന്നണി മാറ്റത്തിന്റെ സാധ്യതകള്‍ തള്ളിക്കളയാനാവില്ലെന്നും, എല്‍ഡിഎഫില്‍ സിപിഐ നേരിടുന്നത് കടുത്ത അവഗണനയാണെന്നും അടൂര്‍ പ്രകാശ് കുറ്റപ്പെടുത്തി. യുഡിഎഫ് കണ്‍വീനറായി ചുമതലയേറ്റ സമയത്തുതന്നെ സിപിഐയോട് മുന്നണിയിലേക്ക് വരാന്‍ ആഹ്വാനം ചെയ്തിരുന്നുവെന്ന് അദ്ദേഹം ഓര്‍മ്മിപ്പിച്ചു.

സിപിഎമ്മിന്റെ ‘വല്യേട്ടന്‍’ മനോഭാവവും ഏകപക്ഷീയമായ തീരുമാനങ്ങളുമാണ് മുന്നണിയിലെ അന്തരീക്ഷം വഷളാക്കുന്നതെന്നാണ് പ്രധാന വിമര്‍ശനം. എല്‍ഡിഎഫില്‍ നിലവില്‍ സിപിഎമ്മിന്റെ തീരുമാനങ്ങള്‍ക്കെതിരെ എതിര്‍ ശബ്ദമുയര്‍ത്താന്‍ പോലും കഴിയാത്ത അവസ്ഥയിലാണ് സിപിഐ. പ്രതിപക്ഷ ഉപനേതൃസ്ഥാനം ആവശ്യപ്പെട്ട വിഷയത്തില്‍ മുന്നണി മര്യാദകള്‍ പാലിച്ചില്ലെന്നാരോപിച്ച് സിപിഎം പരസ്യമായി രംഗത്തെത്തിയത് സിപിഐ നേതൃത്വത്തില്‍ വലിയ അമര്‍ഷത്തിന് ഇടയാക്കിയിട്ടുണ്ട്. ഈ അതൃപ്തി മുതലാക്കാനാണ് യുഡിഎഫ് തന്ത്രം മെനയുന്നത്.

കേരളത്തിലെ നിലവിലെ സഭാ പ്രാതിനിധ്യം പരിശോധിച്ചാല്‍ ഇടതുപക്ഷ മുന്നണിയുടെ നിലനില്‍പ്പ് തന്നെ സിപിഐയുടെ നിലപാടിനെ ആശ്രയിച്ചാണ് ഇരിക്കുന്നത്. നിലവില്‍ എല്‍ഡിഎഫില്‍ നിയമസഭാ പ്രാതിനിധ്യമുള്ള പ്രധാന പാര്‍ട്ടികള്‍ സിപിഎമ്മും സിപിഐയും ആർജെഡിയും മാത്രമാണ്. ഇതില്‍ ആര്‍ജെഡിയ്ക്കാകട്ടെ ഒരൊറ്റ എംഎല്‍എയുടെ പ്രാതിനിധ്യം മാത്രമാണുള്ളത്. ഈ സാഹചര്യത്തില്‍ സിപിഐ എല്‍ഡിഎഫ് വിടുന്ന ഒരു സാഹചര്യം ഉണ്ടായാല്‍ അത് കേരളത്തില്‍ ഇടതുപക്ഷ മുന്നണിയുടെ അടിത്തറ തന്നെ ഇളക്കുന്ന ഒന്നായി മാറിയേക്കാം. പക്ഷേ, ബിനോയ് വിശ്വം അടക്കം ഒരു സിപിഐ നേതാവും ഈ ക്ഷണങ്ങളോട് പ്രതികരണങ്ങൾ നടത്തിയിട്ടില്ല.

പ്രതിപക്ഷ ഉപനേതൃസ്ഥാനത്തിനായി സിപിഐ അവകാശവാദം ഉന്നയിച്ചപ്പോള്‍ തന്നെ സിപിഎം അതിനെ ശക്തമായി എതിര്‍ത്തിരുന്നു. പ്രതിപക്ഷ നേതാവ് പിണറായി വിജയന്‍ നടത്തുന്ന പരസ്യപ്രസ്താവനകള്‍ സിപിഐ നേതൃത്വത്തെ വല്ലാതെ ചൊടിപ്പിച്ചു. മുന്നണി മര്യാദകള്‍ ലംഘിച്ചത് സിപിഐയാണെന്ന സിപിഎമ്മിന്റെ ആരോപണം ഇരുപാര്‍ട്ടികളും തമ്മിലുള്ള ബന്ധത്തില്‍ വലിയ വിടവ് വീഴ്ത്തി. മുന്‍കാലങ്ങളിലും പല വിഷയങ്ങളിലും ഇരുകൂട്ടരും തമ്മില്‍ അഭിപ്രായവ്യത്യാസങ്ങള്‍ ഉണ്ടായിട്ടുണ്ടെങ്കിലും ഇത് സകല അതിരുകളും ലംഘിച്ചിരിക്കുന്ന സ്ഥിതിയാണ്. നേതാക്കളുടെ പരസ്യ പ്രസ്താവനകൾ മുറുകിയപ്പോഴാണ് അത് മുഖപത്രങ്ങളിലെ മുഖപ്രസം​ഗങ്ങളിലേക്കും പടർന്നത്. ദേശാഭിമാനിയിലും ജനയു​ഗത്തിലും ആരോപണ പ്രത്യാരോപണങ്ങളുമായി ഇരു വിഭാ​ഗങ്ങളും സജീവമാണ്. സിഎൻ മോഹനനാണ് സിപിഐയെ ഏറ്റവും രൂക്ഷമായി കടന്നാക്രമിക്കുന്ന സിപിഎം നേതാവ്. സിപിഐയുടെ പഴയ കോൺ​ഗ്രസ് ബന്ധമടക്കം ഓർമിപ്പിച്ച്, ഏതെങ്കിലും മണ്ഡലത്തിൽ അയ്യായിരത്തിലധികം വോട്ട് ഉണ്ടോ എന്ന പരിഹാസത്തിലേക്കാണ് സിഎൻ മോഹനൻ കടന്നത്.

വിഷയത്തില്‍ കേന്ദ്ര നേതൃത്വത്തിന്റെ അടിയന്തര ഇടപെടല്‍ ഉണ്ടാകുന്നതിനു മുന്നോടിയായി ഇരുപാര്‍ട്ടികളിലെയും മുതിര്‍ന്ന നേതാക്കള്‍ പരസ്യ പ്രസ്താവനകളുമായി രംഗത്തെത്തുന്നത് തടയാനായില്ല എന്നതാണ് യുഡിഎഫ് കൃത്യമായി നിരീക്ഷിക്കുന്നത്. മുന്നണിയിലെ പ്രധാന ഘടകകക്ഷിയായ മുസ്ലിം ലീഗ് കൂടി ഗ്രീന്‍ സിഗ്‌നല്‍ നല്‍കിയതോടെ, സിപിഐയുമായുള്ള ആശയവിനിമയം ശക്തമാക്കാന്‍ കോണ്‍ഗ്രസ് ഒരുങ്ങുകയാണ്. ഇത് വെറുമൊരു ഉപനേതൃസ്ഥാന തര്‍ക്കത്തിനപ്പുറം സംസ്ഥാനത്തെ മുന്നണി സമവാക്യങ്ങളെത്തന്നെ മാറ്റിമറിക്കാന്‍ പോകുന്ന ഒന്നായി മാറാന്‍ സാധ്യതയേറെയാണ്.

ഇനി, സിപിഐ യുഡിഎഫ് മുന്നണിയിലേക്ക് കടന്നുവരുന്ന സാഹചര്യമുണ്ടായാല്‍ അത് വരാനിരിക്കുന്ന നിയമസഭാ തെരഞ്ഞെടുപ്പില്‍ പ്രതിപക്ഷത്തിന് വന്‍ രാഷ്ട്രീയ മേല്‍ക്കൈ സമ്മാനിക്കുമെന്ന കാര്യത്തില്‍ സംശയമില്ല. തിരുവിതാംകൂര്‍, മലബാര്‍ മേഖലകളില്‍ വ്യക്തമായ സാന്നിധ്യമുള്ള സിപിഐയുടെ വോട്ട് ബാങ്ക് ഒപ്പമെത്തുന്നത് എല്‍ഡിഎഫിന്റെ അടിത്തറയെ കാര്യമായിത്തന്നെ ബാധിക്കും. പ്രാദേശിക തലങ്ങളില്‍ സിപിഎം, സിപിഐ പ്രവര്‍ത്തകര്‍ തമ്മില്‍ തുടരുന്ന ഭിന്നതകളും അസ്വാരസ്യങ്ങളും ഈ നീക്കത്തിന് ആക്കം കൂട്ടുന്നുണ്ട്. എല്‍ഡിഎഫ് എന്ന ശക്തമായ മുന്നണി സംവിധാനത്തിന്റെ നിലനില്‍പ്പ് തന്നെ അപകടത്തിലാകുമോ എന്ന ആശങ്ക ഇടത് കേന്ദ്രങ്ങളില്‍ ശക്തമായി പുകയുകയാണ്.

അതിനിടെ, കോൺഗ്രസ് നേതാവ് അടൂർ പ്രകാശ് നടത്തുന്ന പ്രസ്താവനകള്‍ക്ക് പിന്നില്‍ വ്യക്തമായ രാഷ്ട്രീയ ലക്ഷ്യങ്ങളുണ്ടെന്ന് വ്യക്തമാണ്. എല്‍ഡിഎഫില്‍ അവഗണനയും അനാദരവും നേരിട്ട് തുടരുന്നതിനേക്കാള്‍ നല്ലത് അന്തസ്സുള്ള നിലപാടുകള്‍ സ്വീകരിച്ച് മുന്നോട്ട് പോകുന്നതാണെന്ന ശക്തമായ സന്ദേശമാണ് യുഡിഎഫ് ഇതിലൂടെ മുന്നോട്ടുവെക്കുന്നത്. മുന്നണിക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങള്‍ തെരുവിലേക്ക് നീളുന്നതോടെ സാധാരണക്കാരായ പാര്‍ട്ടി അണികള്‍ക്കിടയിലും കടുത്ത അമര്‍ഷവും അതൃപ്തിയും ഉയരുകയാണ്. സിപിഎമ്മിന്റെ ഏകപക്ഷീയമായ നിലപാടുകളില്‍ പ്രതിഷേധിച്ച് സിപിഐ എന്തെങ്കിലും നിര്‍ണായക തീരുമാനത്തിലേക്ക് കടക്കുമോ എന്നാണ് രാഷ്ട്രീയ നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്.

എന്നാല്‍, നിലവിലെ വാഗ്വാദങ്ങളും വികാരങ്ങളും വെറും താല്‍ക്കാലിക രാഷ്ട്രീയ ചലനങ്ങളായി കെട്ടടങ്ങുമോ അതോ യഥാര്‍ത്ഥ മുന്നണി മാറ്റത്തിന് വഴിതുറക്കുമോ എന്നത് വരുംദിവസങ്ങളില്‍ കണ്ടറിയേണ്ടതുണ്ട്. യുഡിഎഫിന്റെ ക്ഷണത്തോട് സിപിഐ ഔദ്യോഗികമായി അനുകൂലമായി പ്രതികരിച്ചിട്ടില്ലെങ്കിലും, നിലവിലെ സംഭവവികാസങ്ങള്‍ ഭരണപക്ഷത്തിന് ഒട്ടും ആശ്വാസകരമല്ല. സ്വന്തം രാഷ്ട്രീയ വ്യക്തിത്വവും ശക്തിയും തെളിയിക്കാന്‍ സിപിഐ തയ്യാറായാല്‍ അത് കേരള രാഷ്ട്രീയത്തിന്റെ ഭാവി സമവാക്യങ്ങളെത്തന്നെ മാറ്റിമറിക്കുന്ന വലിയൊരു വഴിത്തിരിവായി മാറും. ഇടതുപക്ഷം വിടുക എന്നത് സിപിഐക്ക് ഞാണിന്മേൽ കളിയാണ്. പ്രവർത്തകരേയും അണികളേയും പറഞ്ഞു മനസിലാക്കുക എന്നത് ഒരു ഭ​ഗീരതപ്രയത്നം തന്നെയാണ്. നേതാക്കൾക്കൊപ്പം അണികളും മുന്നണി മാറുമോ എന്നത് യാതൊരു ഉറപ്പുമില്ലാത്ത ചോദ്യമാണ്. ഇനി, എല്ലാ നേതാക്കളും മുന്നണി മാറുമോ എന്ന് പോലും ഉറപ്പിച്ച് പറയാനാവില്ല എന്നിരിക്കെ, ഇത് കുറച്ച് ദിവസത്തെ ചർച്ചകൾ എന്നതിനപ്പുറം മറ്റൊരു ചലനവും ഉണ്ടാക്കാൻ സാധ്യതയില്ലാത്ത ഒരു അഭ്യൂഹമായി അവസാനിച്ചേക്കും.

ചെറിയൊരു വിഷയത്തില്‍ തുടങ്ങിയ അഭിപ്രായവ്യത്യാസങ്ങള്‍ നിലവില്‍ എല്‍ഡിഎഫിന്റെ രാഷ്ട്രീയ പ്രതിച്ഛായയ്ക്കും ഐക്യത്തിനും വെല്ലുവിളിയായി വളര്‍ന്നിട്ടുണ്ടെങ്കിലും, അടിയന്തര മുന്നണി മാറ്റമെന്നത് സിപിഐയുടെ ചരിത്രപരമായ നിലപാടുകള്‍ വെച്ചുനോക്കുമ്പോൾ എളുപ്പമുള്ള കാര്യമല്ല. നിലവിലെ ഭരണത്തിലെ പ്രധാന പങ്കാളി എന്ന നിലയിൽ മുന്നണിക്കുള്ളിൽ നിന്നുകൊണ്ടുതന്നെ സ്വന്തം അവകാശങ്ങൾ സ്ഥാപിച്ചെടുക്കാനും സിപിഎമ്മിനുമേൽ രാഷ്ട്രീയ സമ്മർദ്ദം ചെലുത്താനുമാണ് സിപിഐ തന്ത്രപരമായി ശ്രമിക്കുന്നത്. പ്രതിപക്ഷം ഈ അവസരം മുതലാക്കി ഇടതുമുന്നണിയെ പ്രതിരോധത്തിലാക്കാൻ സർവ്വസജ്ജമായി അണിയറനീക്കങ്ങൾ നടത്തുന്നുണ്ടെങ്കിലും, മുന്നണി വിടുക എന്ന കടുത്ത തീരുമാനത്തിലേക്ക് സിപിഐ പെട്ടെന്ന് കടക്കില്ലെന്നാണ് വ്യക്തമാകുന്നത്. അതിനാൽ തന്നെ, വരും ദിവസങ്ങളിലെ രാഷ്ട്രീയ പ്രസ്താവനകളും തിരുത്തൽ നീക്കങ്ങളും മുന്നണിയുടെ ആഭ്യന്തര ചർച്ചകളിൽ നിർണായകമാകും.

വൈറ്റ്സ്വാൻ ടിവി ന്യൂസിന്റെ ഏറ്റവും പുതിയ വാർത്തകൾ ഇനി വാട്സ്ആപ്പ് വഴിയും ലഭിക്കും.

Lorem ipsum dolor sit amet, consectetur adipiscing elit. Ut elit tellus, luctus nec ullamcorper mattis, pulvinar dapibus leo.

Recent News

Advertisement
WhiteswanTV Footer