കൊല്ലം: കൊല്ലം നഗരത്തിലെ സ്വകാര്യ ഹോട്ടലിന്റെ മുകൾനിലയിൽനിന്ന് ചാടി ആലപ്പുഴ സ്വദേശിനിയായ യുവതി മരിച്ചു. കഞ്ഞിക്കുഴി പഞ്ചായത്ത് കണിച്ചുകുളങ്ങര കവലയ്ക്ക് സമീപം വിഷ്ണുനിവാസിൽ നാഗപ്പന്റെ മകൾ വൃന്ദ (27) ആണ് മരിച്ചത്. ശനിയാഴ്ച വൈകിട്ട് ആറുമണിയോടെയാണ് സംഭവം. മുകൾനിലയിൽനിന്ന് താഴേക്ക് വീണ യുവതി തൽക്ഷണം മരിച്ചതായി കൊല്ലം ഈസ്റ്റ് പോലീസ് അറിയിച്ചു.
വൃന്ദയും എറണാകുളം സ്വദേശിയായ യുവാവും ഈ മാസം 20-നാണ് ഹോട്ടലിൽ മുറിയെടുത്തത്. ഇരുവരും കുറച്ചുനാളായി ഒരുമിച്ച് താമസിച്ചിരുന്നതായാണ് പോലീസിന്റെ വിവരം. ഇവർ താമസിച്ചിരുന്ന മുറിയിൽനിന്ന് ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയിട്ടുണ്ട്. ഒപ്പമുണ്ടായിരുന്ന യുവാവ് നിലവിൽ പോലീസ് നിരീക്ഷണത്തിലാണ്.
ഹോട്ടലിലെ സി.സി.ടി.വി ദൃശ്യങ്ങൾ ഉൾപ്പെടെ പരിശോധിച്ച് പോലീസ് അന്വേഷണം ആരംഭിച്ചു. സംഭവത്തിന് പിന്നിലെ സാഹചര്യങ്ങളും വിശദമായി അന്വേഷിക്കുന്നുണ്ട്.
മൃതശരീരം കൊല്ലം ജില്ലാ ആശുപത്രി മോർച്ചറിയിൽ സൂക്ഷിച്ചിരിക്കുകയാണ്. പോസ്റ്റ്മോർട്ടം നടപടികൾക്ക് ശേഷം ഞായറാഴ്ച ബന്ധുക്കൾക്ക് വിട്ടുനൽകും. അമ്മ: ശശികല. സഹോദരങ്ങൾ: വിഷ്ണു, വീണ.
(ആത്മഹത്യ ഒന്നിനും പരിഹാരമല്ല. മാനസികാരോഗ്യവിദഗ്ധരുടെ സഹായം തേടുക. അതിജീവിക്കാൻ ശ്രമിക്കുക. വിളിക്കൂ: 1056)











