കോഴിക്കോട്: കോഴിക്കോട് റെയിൽവേ സ്റ്റേഷനിൽ 19 കിലോ കഞ്ചാവുമായി യുവതി പിടിയിൽ. പശ്ചിമബംഗാളിലെ നോർത്ത് 24 പർഗാനാസ് സ്വദേശിനി മിനോതി സർദാർ (32) ആണ് ആർപിഎഫും റെയിൽവേ പോലീസും ചേർന്ന് പിടികൂടിയത്.
ഞായറാഴ്ച രാവിലെയാണ് രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ പരിശോധന നടത്തിയത്. ചെന്നൈ-മംഗലാപുരം എക്സ്പ്രസിന്റെ ജനറൽ കോച്ചിൽ യാത്ര ചെയ്യുകയായിരുന്ന യുവതിയിൽനിന്നാണ് കഞ്ചാവ് പിടികൂടിയത്.
ആന്ധ്ര-ഒഡിഷ അതിർത്തിയിലെ ഗ്രഹാംപുരിൽനിന്നാണ് കഞ്ചാവ് എത്തിച്ചതെന്നാണ് പ്രാഥമിക വിവരം. സംഭവത്തിൽ റെയിൽവേ പോലീസ് വിശദമായ അന്വേഷണം ആരംഭിച്ചു. കഞ്ചാവ് കടത്തുമായി ബന്ധപ്പെട്ട് കൂടുതൽ പേർക്ക് പങ്കുണ്ടോയെന്നും പരിശോധിക്കുന്നുണ്ട്.
കഴിഞ്ഞ ദിവസങ്ങളിലും ഇതേ ട്രെയിനിൽനിന്ന് 18 കിലോ കഞ്ചാവുമായി പശ്ചിമബംഗാൾ സ്വദേശികളായ രണ്ട് യുവാക്കളെ പിടികൂടിയിരുന്നു. തുടർച്ചയായ കഞ്ചാവ് കടത്ത് കണ്ടെത്തിയ സാഹചര്യത്തിൽ റെയിൽവേ സ്റ്റേഷനുകളിലും ട്രെയിനുകളിലും പരിശോധന ശക്തമാക്കിയിട്ടുണ്ട്.


