പത്തനംതിട്ട: ലോകപ്രശസ്തമായ ആറന്മുള ഉത്രട്ടാതി ജലമേളയ്ക്ക് പമ്പാനദിയിൽ ആവേശകരമായ തുടക്കം. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണൻ നിലവിളക്ക് കൊളുത്തി ജലമേളയുടെ ഔദ്യോഗിക ഉദ്ഘാടനം നിർവഹിച്ചു. വൈകിട്ട് മൂന്ന് മണിയോടെ മത്സരങ്ങൾക്കും തുടക്കമായി. ആയിരക്കണക്കിന് ജലമേള പ്രേമികൾ ഒഴുകിയെത്തിയതോടെ പമ്പാതീരം ആവേശത്തിലായി.
ഉദ്ഘാടനച്ചടങ്ങുകൾക്ക് പിന്നാലെ പമ്പയിലൂടെ തിരുവോണത്തോണി ആദ്യം നീങ്ങി. കൃഷ്ണവേഷം ധരിച്ച ബാലനും തുഴച്ചിൽക്കാരും മങ്ങാട്ട് മഠത്തിലെ കാരണവന്മാരും ഉൾപ്പെടുന്ന സംഘമാണ് തിരുവോണത്തോണിയിൽ അണിനിരന്നത്. പമ്പയുടെ ഇരുകരകളിലും തടിച്ചുകൂടിയ ജനങ്ങൾ ആർപ്പുവിളികളോടെയാണ് തിരുവോണത്തോണിയെ വരവേറ്റത്.
ജലഘോഷയാത്രയ്ക്ക് മാറ്റുകൂട്ടി വേലകളി വേഷധാരികളും മോഹിനിയാട്ടം അവതരിപ്പിക്കുന്ന കുട്ടികളും പ്രത്യേകം സജ്ജീകരിച്ച ചെങ്ങാടങ്ങളിൽ അണിനിരന്നു. പാരമ്പര്യവും കലാപരിപാടികളും ഒത്തുചേർന്ന ജലഘോഷയാത്ര ശ്രദ്ധേയമായി.
ഇത്തവണത്തെ ജലമേളയിൽ ആകെ 51 പള്ളിയോടങ്ങളാണ് അണിനിരക്കുന്നത്. ഇവയെ എ, ബി എന്നീ രണ്ട് ബാച്ചുകളായി തിരിച്ചാണ് മത്സരം സംഘടിപ്പിക്കുന്നത്. എ ബാച്ചിൽ 35 പള്ളിയോടങ്ങളും ബി ബാച്ചിൽ 16 പള്ളിയോടങ്ങളുമാണ് മത്സരിക്കുന്നത്.


