ടെഹ്റാൻ: ഇറാൻ സന്നദ്ധത അറിയിച്ചിട്ടും ഹോർമുസ് കടലിടുക്ക് തുറക്കുന്നതിൽ വ്യക്തമായ തീരുമാനം ഉണ്ടായില്ല. അമേരിക്ക മുന്നോട്ടുവയ്ക്കുന്ന ഉപാധികൾ അംഗീകരിച്ചാൽ കടലിടുക്ക് തുറക്കാമെന്നാണ് ഇറാന്റെ നിലപാട്. എന്നാൽ ഹോർമുസ് ഇതിനകം തുറന്നുകഴിഞ്ഞതായി അമേരിക്ക അവകാശപ്പെട്ടു.
അമേരിക്ക ഉപാധികൾ അംഗീകരിച്ചാൽ ഹോർമുസ് തുറക്കാമെന്ന് ഇറാൻ പരസ്യമായി അറിയിച്ചിരുന്നു. എന്നാൽ അതിന് മുമ്പുതന്നെ ഹോർമുസിലെ മൈനുകൾ നീക്കി കടലിടുക്ക് തുറന്നതായി അമേരിക്ക പ്രഖ്യാപിച്ചു. ഇതാണ് വിഷയത്തിൽ പുതിയ അനിശ്ചിതത്വത്തിന് കാരണമായത്.
സാമ്പത്തിക ഉപരോധങ്ങൾ ഉൾപ്പെടെയുള്ള കൂടുതൽ ഇളവുകൾ നേടാനാണ് അമേരിക്കയുടെ നീക്കമെന്നാണ് റിപ്പോർട്ട്. നേരത്തെ ഉണ്ടായിരുന്ന സമാധാന ധാരണ പുനഃസ്ഥാപിക്കുകയും സാമ്പത്തിക ഉപരോധങ്ങൾ ഒഴിവാക്കുകയും ചെയ്യണമെന്നാണ് ഇറാന്റെ ആവശ്യം.
പ്രശ്നത്തിൽ പരിഹാരം കണ്ടെത്താൻ ഖത്തറും തുർക്കിയും ശ്രമങ്ങൾ തുടരുകയാണ്. സെപ്റ്റംബർ ഒന്നിന് ഇറാൻ പ്രസിഡന്റ് റഷ്യൻ പ്രസിഡന്റ് വ്ലാദിമിർ പുടിനുമായി കൂടിക്കാഴ്ച നടത്തും. ഇറാനെതിരായ സാമ്പത്തിക ഉപരോധത്തിൽ റഷ്യയുടെ നിലപാട് കൂടിക്കാഴ്ചയിൽ ചർച്ചയായേക്കും.
ഹോർമുസ് കടലിടുക്ക് തുറന്നുവെന്ന അമേരിക്കയുടെ അവകാശവാദം എണ്ണവില കുറയ്ക്കാനുള്ള നീക്കം മാത്രമാണെന്ന് ഇറാൻ ആരോപിച്ചു. അതേസമയം, അമേരിക്കയ്ക്കും ഇസ്രയേലിനുമെതിരെ ഇസ്ലാമിക ഐക്യത്തിനൊപ്പം നിൽക്കണമെന്ന് ഇറാന്റെ പരമോന്നത നേതാവ് മുജ്തബ ഖമനയി ആഹ്വാനം ചെയ്തു. അമേരിക്ക ഉപരോധം ഏർപ്പെടുത്തിയ ഈജിപ്ഷ്യൻ ബാങ്കായ ബാങ്ക് മിസറിന്റെ യുഎഇയിലെ ശാഖകൾ പരിശോധിക്കുമെന്ന് യുഎഇ സെൻട്രൽ ബാങ്കും അറിയിച്ചു.











