തിരുവനന്തപുരം: സംസ്ഥാനത്തെ ഓണം വാരാഘോഷ സമാപന ചടങ്ങിൽ ദേശീയഗാനമായ ‘വന്ദേമാതരം’ പൂർണമായും ആലപിച്ചു. ഉപരാഷ്ട്രപതി പങ്കെടുക്കുന്ന ചടങ്ങിലെ പ്രോട്ടോക്കോൾ പ്രകാരമാണ് ‘വന്ദേമാതരം’ പൂർണരൂപത്തിൽ ആലപിച്ചതെന്നാണ് സർക്കാർ വിശദീകരണം.
മുഖ്യമന്ത്രി വി.ഡി. സതീശൻ, സ്പീക്കർ തിരുവഞ്ചൂർ രാധാകൃഷ്ണൻ, മന്ത്രിമാരായ പി.സി. വിഷ്ണുനാഥ്, കെ. മുരളീധരൻ, കെ.എ. തുളസി, സി.പി. ജോൺ, റോജി എം. ജോൺ, ബിന്ദു കൃഷ്ണ, തിരുവനന്തപുരം കോർപറേഷൻ മേയർ തുടങ്ങിയവർ ചടങ്ങിൽ വേദിയിലുണ്ടായിരുന്നു.
പ്രധാനമന്ത്രി, രാഷ്ട്രപതി, ഉപരാഷ്ട്രപതി എന്നിവർ പങ്കെടുക്കുന്ന ചടങ്ങുകൾക്ക് പ്രത്യേക പ്രോട്ടോക്കോൾ ഉണ്ടെന്നും അതിൽ സംസ്ഥാന സർക്കാരിന് ഇടപെടാൻ സാധിക്കില്ലെന്നും സാംസ്കാരിക വകുപ്പ് മന്ത്രി പി.സി. വിഷ്ണുനാഥ് നേരത്തെ വ്യക്തമാക്കിയിരുന്നു.
ചടങ്ങിന്റെ റിഹേഴ്സലിനിടെ ‘വന്ദേമാതരം’ പൂർണമായും ആലപിച്ച് പരിശീലിക്കുന്നതിന്റെ ദൃശ്യങ്ങളും നേരത്തെ പുറത്തുവന്നിരുന്നു. ഉപരാഷ്ട്രപതി സി.പി. രാധാകൃഷ്ണനാണ് ഓണം വാരാഘോഷ സമാപന പരിപാടിയുടെ ഉദ്ഘാടനം ഫ്ലാഗ് ഓഫ് ചെയ്ത് നിർവഹിക്കുന്നത്.
ഉപരാഷ്ട്രപതിയുടെ ഓഫീസ് ‘വന്ദേമാതരം’ പൂർണമായും ആലപിക്കണമെന്ന് അറിയിച്ചിരുന്നതായാണ് പ്രോട്ടോക്കോൾ വിഭാഗം വ്യക്തമാക്കുന്നത്. ഇതിന്റെ അടിസ്ഥാനത്തിലാണ് ചടങ്ങിൽ പൂർണരൂപത്തിൽ ഗാനം ആലപിച്ചതെന്നും സർക്കാർ വിശദീകരിച്ചു.


