റിയാദ്: റിയാദിനും തിരുവനന്തപുരത്തിനുമിടയിൽ നേരിട്ടുള്ള പുതിയ വിമാന സർവീസ് പ്രഖ്യാപിച്ച് എയർ ഇന്ത്യ എക്‌സ്‌പ്രസ്. ഒക്ടോബർ 26 മുതൽ പുതിയ സർവീസ് പ്രാബല്യത്തിൽ വരും. തിങ്കൾ, ബുധൻ, വെള്ളി ദിവസങ്ങളിൽ ആഴ്ചയിൽ മൂന്ന് സർവീസുകളാണ് നടത്തുക.
പുതിയ സമയക്രമം പ്രകാരം തിരുവനന്തപുരത്ത് നിന്ന് ഐ.എക്‌സ്-521 വിമാനം രാവിലെ 11.35ന് പുറപ്പെട്ട് ഉച്ചയ്ക്ക് 3.05ന് റിയാദിലെത്തും. മടക്ക സർവീസായ ഐ.എക്‌സ്-522 റിയാദിൽ നിന്ന് വൈകിട്ട് 4.05ന് പുറപ്പെട്ട് രാത്രി 11.50ന് തിരുവനന്തപുരത്ത് എത്തിച്ചേരും.
നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നതോടെ റിയാദിലെ മലയാളി പ്രവാസികൾക്കും തിരുവനന്തപുരം ഉൾപ്പെടെയുള്ള തെക്കൻ കേരളത്തിൽ നിന്നുള്ള യാത്രക്കാർക്കും കൂടുതൽ സൗകര്യം ലഭിക്കും. കണക്ഷൻ വിമാനങ്ങളെ ആശ്രയിക്കാതെ നേരിട്ട് യാത്ര ചെയ്യാനാകുന്നതിനാൽ യാത്രാസമയവും യാത്രാ ബുദ്ധിമുട്ടുകളും കുറയ്ക്കാൻ പുതിയ സർവീസ് സഹായിക്കും.
തിരുവനന്തപുരം–റിയാദ് റൂട്ടിൽ നേരിട്ടുള്ള സർവീസ് ആരംഭിക്കുന്നത് റിയാദിലെ മലയാളി പ്രവാസികൾക്ക് ഏറെ ആശ്വാസകരവും സ്വാഗതാർഹവുമായ തീരുമാനമാണെന്ന് ഫ്ലൈൻകോ ട്രാവൽസിലെ മുഹമ്മദ് സാബിത്ത് പറഞ്ഞു.











