കൊച്ചി: വിമാന സർവീസുകൾ വൈകുന്നതിനെ തുടർന്ന് യാത്രക്കാരെ വീണ്ടും ദുരിതത്തിലാക്കി സ്‌പൈസ് ജെറ്റ്. ഇന്നലെ രാത്രി 11.30ന് ഫുജൈറയിലേക്കും പുലർച്ചെ ഒന്നിന് ദുബായിലേക്കും പോകേണ്ട യാത്രക്കാരാണ് നെടുമ്പാശേരി വിമാനത്താവളത്തിൽ കുടുങ്ങിയത്. വിമാനങ്ങൾ വൈകുന്നതിൽ പ്രതിഷേധിച്ച് യാത്രക്കാർ വിമാനത്താവളത്തിൽ പ്രതിഷേധവുമായി രംഗത്തെത്തി.
വിമാനം വൈകുന്ന സാഹചര്യത്തിൽ യാത്രക്കാർക്ക് കാത്തിരിക്കാൻ ആവശ്യമായ സൗകര്യമെങ്കിലും ഒരുക്കണമെന്നാണ് പ്രതിഷേധക്കാരുടെ ആവശ്യം. തുടർച്ചയായി സർവീസുകൾ വൈകുന്നത് യാത്രക്കാരെ വലിയ പ്രതിസന്ധിയിലാക്കുകയാണെന്നും അവർ ആരോപിച്ചു.
അതേസമയം, സംഭവത്തിൽ സിയാലോ ടെർമിനൽ മാനേജരോ ഇതുവരെ ഇടപെട്ടിട്ടില്ലെന്നും യാത്രക്കാർ ആരോപിക്കുന്നു. വിമാനങ്ങൾ വൈകുന്നതിന്റെ കൃത്യമായ കാരണം സ്‌പൈസ് ജെറ്റ് ജീവനക്കാർക്കും വ്യക്തമാക്കാൻ കഴിയുന്നില്ലെന്നാണ് യാത്രക്കാരുടെ പരാതി. നാലുമാസമായി തങ്ങൾക്കും ശമ്പളം ലഭിച്ചിട്ടില്ലെന്ന് ജീവനക്കാർ യാത്രക്കാരോട് പറഞ്ഞതായും വിവരമുണ്ട്. മറ്റ് യാത്രാമാർഗങ്ങൾ തേടാനാണ് ജീവനക്കാർ യാത്രക്കാരോട് നിർദേശിച്ചതെന്നും ആരോപണമുണ്ട്.
ഏകദേശം 24 മണിക്കൂറായി വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്ന് യാത്രക്കാരനായ വിഷ്ണു പറഞ്ഞു. 150ഓളം യാത്രക്കാരാണ് വിമാനത്താവളത്തിൽ കുടുങ്ങിയിരിക്കുന്നതെന്നും ഇതിൽ വയോധികരും ഭിന്നശേഷിക്കാരുമുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.
പുലർച്ചെ ഒന്നിന് പുറപ്പെടേണ്ടിയിരുന്ന വിമാനം ആദ്യം പുലർച്ചെ അഞ്ച് മണിയിലേക്കും പിന്നീട് രാവിലെ 10 മണിയിലേക്കും വൈകിട്ട് 3.30ലേക്കും റീഷെഡ്യൂൾ ചെയ്തെന്നും ഇപ്പോൾ രാത്രി 11.30ന് പുറപ്പെടുമെന്നാണ് അറിയിച്ചിരിക്കുന്നതെന്നും വിഷ്ണു പറഞ്ഞു. ഉച്ചയ്ക്ക് പുറപ്പെടേണ്ട യാത്രക്കാരും വിമാനത്താവളത്തിൽ കുടുങ്ങിക്കിടക്കുകയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
വിമാനക്കമ്പനി പ്രതിസന്ധിയിലാണെന്നാണ് ജീവനക്കാർ പറയുന്നതെന്നും എന്നാൽ ഓൺലൈനായി ഇപ്പോഴും ടിക്കറ്റുകൾ വിൽക്കുന്നുണ്ടെന്നും യാത്രക്കാർ ആരോപിച്ചു.
മുൻകൂട്ടി അറിയിപ്പില്ലാതെ വിമാനങ്ങൾ റീഷെഡ്യൂൾ ചെയ്യുന്നതും സർവീസുകൾ മുടങ്ങുന്നതും പതിവായതോടെ സ്‌പൈസ് ജെറ്റിൽ ടിക്കറ്റ് ബുക്ക് ചെയ്ത നൂറുകണക്കിന് യാത്രക്കാരാണ് പ്രതിസന്ധിയിലാകുന്നത്. ജോലി ആവശ്യങ്ങൾക്കും മറ്റ് അടിയന്തര ആവശ്യങ്ങൾക്കുമായി ദുബായിലേക്കും ഗൾഫ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യേണ്ടവരാണ് പ്രധാനമായും ദുരിതത്തിലായത്.











