ചെന്നൈ: ഐപിഎൽ ഫ്രാഞ്ചൈസിയായ ചെന്നൈ സൂപ്പർ കിങ്സിൽ എം.എസ്. ധോണി ഓഹരി ആവശ്യപ്പെട്ടെന്ന റിപ്പോർട്ടുകൾ തള്ളി ടീം മാനേജ്മെന്റ്. പ്രചരിക്കുന്ന വാർത്തകൾ തീർത്തും അടിസ്ഥാനരഹിതമാണെന്ന് സിഎസ്കെ സിഇഒ കാശി വിശ്വനാഥൻ വ്യക്തമാക്കി.
ധോണി സിഎസ്കെയിൽ വലിയ ഓഹരി പങ്കാളിത്തം ആവശ്യപ്പെട്ടെന്നും മാനേജ്മെന്റ് ആവശ്യം നിരസിച്ചതിനെ തുടർന്ന് ഇരുവിഭാഗങ്ങളും തമ്മിൽ അഭിപ്രായവ്യത്യാസമുണ്ടെന്നുമായിരുന്നു റിപ്പോർട്ടുകൾ. ധോണി ആദ്യം 25 ശതമാനം ഓഹരി ആവശ്യപ്പെട്ടെന്നും സിഎസ്കെ മൂന്ന് ശതമാനം മാത്രം വാഗ്ദാനം ചെയ്തെന്നുമായിരുന്നു പ്രചാരണം. പിന്നീട് ആവശ്യം 18 ശതമാനമായി കുറച്ചെങ്കിലും മാനേജ്മെന്റ് അംഗീകരിച്ചില്ലെന്നും റിപ്പോർട്ടുകളുണ്ടായിരുന്നു.
എന്നാൽ ഇത്തരം വാർത്തകളെല്ലാം പൂർണമായും തെറ്റാണെന്ന് കാശി വിശ്വനാഥൻ വാർത്താ ഏജൻസിയായ പിടിഐയോട് പ്രതികരിച്ചു. ധോണിയും ചെന്നൈ സൂപ്പർ കിങ്സും തമ്മിൽ യാതൊരു തരത്തിലുള്ള തർക്കങ്ങളും നിലനിൽക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി.
അതേസമയം, ധോണിയുടെ ഐപിഎൽ ഭാവിയെക്കുറിച്ചും സിഎസ്കെ സിഇഒ പ്രതികരിച്ചു. ധോണി ഇതുവരെ വിരമിക്കൽ പ്രഖ്യാപിച്ചിട്ടില്ലെന്നും 2027 ഐപിഎല്ലിൽ കളിക്കില്ലെന്ന് ടീമിനെ അറിയിച്ചിട്ടില്ലെന്നും കാശി വിശ്വനാഥൻ പറഞ്ഞു.
പരിക്കിനെ തുടർന്ന് 2026 ഐപിഎൽ സീസൺ പൂർണമായും നഷ്ടമായ ധോണി അടുത്ത സീസണിൽ കളിക്കുമോ എന്ന കാര്യത്തിൽ ഔദ്യോഗിക സ്ഥിരീകരണമില്ലെങ്കിലും, താരം വീണ്ടും മഞ്ഞക്കുപ്പായത്തിൽ കളത്തിലിറങ്ങുമെന്ന പ്രതീക്ഷയിലാണ് സിഎസ്കെ ആരാധകർ.


