കാസർകോട്: നീലേശ്വരം തൈക്കടപ്പുറത്ത് കടലിൽ കുളിക്കുന്നതിനിടെ ഒഴുക്കിൽപ്പെട്ട് കാണാതായ യുവാവിന്റെ മൃതദേഹം കണ്ടെത്തി. തൈക്കടപ്പുറം സ്റ്റോർ കവല എ.വി. ഹൗസിൽ എ.വി. അജ്മൽ (21) ആണ് മരിച്ചത്.
തൈക്കടപ്പുറത്ത് നിന്ന് മത്സ്യബന്ധനത്തിന് പോയ ഗ്രാന്മ ബോട്ടിലെ തൊഴിലാളികളാണ് ഇന്ന് രാവിലെ കടലിൽ മൃതദേഹം കണ്ടെത്തിയത്. രാവിലെ 6.15ഓടെയാണ് മൃതദേഹം കണ്ടെത്തിയത്. തുടർന്ന് കോസ്റ്റൽ പൊലീസിനെ വിവരമറിയിച്ചു. പൊലീസ് നിർദേശപ്രകാരം മത്സ്യത്തൊഴിലാളികൾ തന്നെ മൃതദേഹം കരയിലെത്തിക്കുകയായിരുന്നു.
ശനിയാഴ്ച വൈകിട്ടാണ് അജ്മൽ കടലിൽ ഒഴുക്കിൽപ്പെട്ടത്. വിവരമറിഞ്ഞതിനെ തുടർന്ന് ഫിഷറീസ് വകുപ്പിന്റെയും തീരദേശ പൊലീസിന്റെയും രക്ഷാബോട്ടുകൾ ഉടൻ തിരച്ചിൽ ആരംഭിച്ചിരുന്നു. മൂന്ന് ദിവസത്തോളം തിരച്ചിൽ നടത്തിയെങ്കിലും അജ്മലിനെ കണ്ടെത്താനായിരുന്നില്ല.
തുടർന്ന് കോസ്റ്റ് ഗാർഡിന്റെ സഹായം തേടിയിരുന്നെങ്കിലും സഹായം ലഭിച്ചില്ലെന്ന് നാട്ടുകാർ ആരോപിച്ചു. ഒടുവിൽ മത്സ്യബന്ധനത്തിന് പോയ തൊഴിലാളികളാണ് മൃതദേഹം കണ്ടെത്തിയത്.



