കോഴിക്കോട്: കാന്തപുരം എ.പി. അബൂബക്കർ മുസ്‌ലിയാർ നടത്തിയ സ്ത്രീവിരുദ്ധ പരാമർശം തിരുത്തണമെന്ന് ആവശ്യപ്പെട്ട് എസ്എഫ്ഐ സംസ്ഥാന ജോയിന്റ് സെക്രട്ടറി സെയ്ദ് മുഹമ്മദ് സാദിഖ്. മതദർശനങ്ങൾ മാനവികതയാണ് മുന്നോട്ടുവെക്കേണ്ടതെന്നും അദ്ദേഹം പറഞ്ഞു. ഫേസ്ബുക്ക് കുറിപ്പിലൂടെയായിരുന്നു പ്രതികരണം.
സ്ത്രീകൾ പ്രദർശന വസ്തുക്കളല്ലെന്നും തുല്യാവകാശങ്ങളുള്ള മനുഷ്യരാണെന്നും സെയ്ദ് മുഹമ്മദ് സാദിഖ് വ്യക്തമാക്കി. നബി പത്‌നി ഖദീജ ബീവി കച്ചവടക്കാരിയായിരുന്നുവെന്നും ആയിശ ബീവി പണ്ഡിതയായിരുന്നുവെന്നും സൈനബ് ബീവി പ്രഭാഷകയായിരുന്നുവെന്നും അദ്ദേഹം കുറിച്ചു. പ്രവാചകൻ മുഹമ്മദ് നബി സ്ത്രീപക്ഷ നിലപാടുകൾ ഉയർത്തിപ്പിടിച്ചിരുന്നുവെന്നും കുറിപ്പിൽ പറയുന്നു.
മതകൽപ്പനകളെന്ന പേരിൽ മാനവിക വിരുദ്ധ ഫത്‌വകൾ പ്രസ്താവിച്ചാൽ മതേതര ജനാധിപത്യ സമൂഹം ശക്തമായ പ്രതിരോധസ്വരം ഉയർത്തുമെന്നും സാദിഖ് പറഞ്ഞു. ഇതിൽ മതവിശ്വാസികളും ഉണ്ടാകുമെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ഇത്തരം വിമർശനങ്ങളെ മതനിന്ദയായി വ്യാഖ്യാനിച്ച് ഒറ്റപ്പെടുത്താമെന്ന് കരുതരുതെന്നും അദ്ദേഹം മുന്നറിയിപ്പ് നൽകി.
വീട്ടിലൊതുങ്ങാതെ പഠിക്കുകയും തൊഴിലെടുക്കുകയും പൊതുപ്രവർത്തനം നടത്തുകയും ചെയ്യുന്ന സ്ത്രീകളോടും സെയ്ദ് മുഹമ്മദ് സാദിഖ് ഐക്യദാർഢ്യം പ്രഖ്യാപിച്ചു.
നബിദിനാഘോഷങ്ങളിൽ സ്ത്രീകളെ പങ്കെടുപ്പിച്ചതുമായി ബന്ധപ്പെട്ട വിമർശനങ്ങൾക്ക് പിന്നാലെയാണ് കാന്തപുരം അബൂബക്കർ മുസ്‌ലിയാർ മഹല്ലുകൾക്കും മദ്രസകൾക്കും നിർദേശമെന്ന നിലയിൽ പ്രസ്താവന നടത്തിയത്. അന്യപുരുഷന്മാർക്കിടയിൽ വേദികളിലോ പൊതുസ്ഥലങ്ങളിലോ സ്ത്രീകളെ കൊണ്ടുവരരുതെന്നും ആഘോഷങ്ങൾ അതിരുകടക്കുന്നത് തടയണമെന്നും പ്രസ്താവനയിൽ പറഞ്ഞിരുന്നു.
കാന്തപുരത്തിന്റെ പരാമർശത്തിനെതിരെ എസ്എഫ്ഐ, ഡിവൈഎഫ്ഐ തുടങ്ങിയ ഇടതുസംഘടനകൾ രംഗത്തെത്തിയിരുന്നു. സ്ത്രീകൾ പൊതുവേദികളിൽ വരുന്നതിനെ ‘പ്രദർശനം’ എന്ന് വിശേഷിപ്പിക്കുന്നത് സ്ത്രീവിരുദ്ധതയും അസഹിഷ്ണുതയുമാണെന്നായിരുന്നു എസ്എഫ്ഐയുടെ പ്രതികരണം. പ്രസ്താവന കാലഘട്ടത്തിന് നിരക്കാത്തതും സ്ത്രീവിരുദ്ധവുമാണെന്ന് ഡിവൈഎഫ്ഐയും വ്യക്തമാക്കി.
വിവാദം തുടരുന്നതിനിടെ തന്റെ നിലപാടിൽ ഉറച്ചുനിൽക്കുകയായിരുന്നു കാന്തപുരം. സ്ത്രീകളെ പൊതുരംഗത്തേക്ക് ഇറക്കിയാൽ വലിയ നാശമുണ്ടാകുമെന്ന നിലപാടും അദ്ദേഹം ആവർത്തിച്ചിരുന്നു. സ്ത്രീകൾ വീട്ടിൽ അടങ്ങിയൊതുങ്ങി കഴിയണമെന്ന പരാമർശവും ഇതോടെ വീണ്ടും ചർച്ചയാവുകയായിരുന്നു.


